1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2022

സ്വന്തം ലേഖകൻ: കനേഡിയന്‍ ഗവണ്‍മെന്റ് തങ്ങളെ ചൂഷണം ചെയ്യുകയാണ് എന്ന് ആരോപിച്ച് വിദേശ വിദ്യാര്‍ത്ഥികള്‍. കനേഡിയന്‍ ഗവണ്‍മെന്റ് തങ്ങളെ വിലകുറഞ്ഞ തൊഴില്‍ സ്രോതസായി ഉപയോഗിച്ച് ആവശ്യം കഴിഞ്ഞ ശേഷം തള്ളിക്കളയുകയാണ് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 50000 വിദേശ വിദ്യാര്‍ത്ഥികളെ ബിരുദാനന്തര ബിരുദത്തിന് ശേഷം 18 മാസത്തേക്ക് ജോലി തേടാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

പ്രധാന മേഖലകളില്‍ കൂടുതല്‍ ബിരുദധാരികളെ ഉള്‍പ്പെടുത്തുന്നതിനും സ്ഥിരമായി കുടിയേറാന്‍ ആവശ്യമായ തൊഴില്‍ പരിചയം നേടുന്നതിനുമുള്ള ഒരു മാര്‍ഗമായാണ് സര്‍ക്കാര്‍ പെര്‍മിറ്റ് വിപുലീകരണം അനുവദിച്ചത്. എന്നാല്‍ ഒന്നര വര്‍ഷത്തിനുശേഷം സ്ഥിരതാമസക്കാരായ ചിലര്‍ക്ക് ജോലി ചെയ്യാനോ രാജ്യത്ത് തുടരാനോ പദവി ഇല്ലാതാകുന്ന അവസ്ഥയാണ് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വീട്ടില്‍ ഉള്ള സമ്പാദ്യത്തില്‍ ജീവിച്ച് പോവുകയാണ് എന്നാണ് ടൊറന്റോയ്ക്ക് സമീപമുള്ള സെനെക്ക കോളേജിലെ അക്കൗണ്ടന്റും മുന്‍ വിദ്യാര്‍ത്ഥിയുമായ ഡാനിയല്‍ ഡിസൂസ പറയുന്നത്. കുടിയേറ്റത്തിനും പഠിക്കാനും ജീവിക്കാനുമുള്ള ഒരു രാജ്യമായി കാനഡയെ തെരഞ്ഞെടുത്തതില്‍ താന്‍ ഖേദിക്കുന്നു എന്നും കാനഡ വിദേശ വിദ്യാര്‍ത്ഥികളെ കൂടുതല്‍ വിലമതിക്കണം എന്നും അദ്ദേഹം പറഞ്ഞു.

അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍, അവര്‍ ഞങ്ങളെ ചൂഷണം ചെയ്തു. എന്നാല്‍ ഞങ്ങള്‍ക്ക് അവരുടെ സഹായമോ പിന്തുണയോ ലഭിച്ചില്ല, ടൊറന്റോയിലെ ഏണസ്റ്റ് ആന്‍ഡ് യങ്ങിലെ മുന്‍ കണ്‍സള്‍ട്ടന്റായ അന്‍ഷ്ദീപ് ബിന്ദ്ര പറഞ്ഞു. തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ അവരെ സഹായിച്ചവരാണ് ഞങ്ങള്‍ എന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം രാജ്യത്ത് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവരെ പിന്തുണക്കാനായി വേണ്ട മാര്‍ഗങ്ങള്‍ പരിഗണിക്കുകയാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസറുടെ വകുപ്പ് പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ നേട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്ന് വക്താവ് ജെഫ്രി മക്‌ഡൊണാള്‍ഡും പറഞ്ഞു.

വിരമിക്കാനിരിക്കുന്ന തൊഴിലാളികളുടെ ഒഴിവ് നികത്താന്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ റെക്കോര്‍ഡ് എണ്ണം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാന്‍ പദ്ധതിയിടുന്ന ജസ്റ്റിന്‍ ട്രൂഡോ ടൊറന്റോയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും. ഇത് കോവിഡിന് മുന്‍പുള്ള ബിരുദധാരികള്‍ക്ക് വിദഗ്ദ്ധ തൊഴില്‍ പരിചയം നേടാനുള്ള മികച്ച അവസരമായിരിക്കും എന്നും മക്ഡൊണാള്‍ഡ് പറഞ്ഞു.

പെര്‍മിറ്റ് വിപുലീകരണം വഴി കനേഡിയന്‍ തൊഴില്‍ പരിചയം നേടുന്നതിനും വിദഗ്ധ തൊഴിലാളികള്‍ക്കുള്ള രാജ്യത്തെ ഇമിഗ്രേഷന്‍ റാങ്കിംഗ് സമ്പ്രദായത്തിന് കീഴില്‍ തങ്ങളുടെ സ്‌കോറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ സമയം നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു വിദേശ ബിരുദധാരികള്‍. 2021-ല്‍ സ്വാഗതം ചെയ്യപ്പെട്ട സ്ഥിര താമസക്കാരില്‍ ഏകദേശം 40% മുന്‍ വിദേശ വിദ്യാര്‍ത്ഥികളായിരുന്നു.

ഈ വര്‍ഷം ജൂലൈ മുതല്‍, സ്ഥിരതാമസത്തിന് 26250 അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്, അതില്‍ 10212 അപേക്ഷ വിദേശ വിദ്യാര്‍ത്ഥികള്‍ക്കോ ബിരുദധാരികള്‍ക്കോ ഉള്ളതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ കണക്കനുസരിച്ച് വിദേശ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം 15.3 ബില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.

നിലവിലെ തൊഴില്‍ പ്രതിസന്ധിയും ഭാവിയിലെ തൊഴില്‍ വിപണി ആവശ്യങ്ങളും പരിഹരിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥിള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും എന്ന് റോയല്‍ ബാങ്ക് ഓഫ് കാനഡയിലെ സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.