അലക്സ് വർഗ്ഗീസ്സ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിമൂന്നാമത് യുക്മ ദേശീയ കലാമേളയില്‍ വിശിഷ്ടാതിഥിയായി പ്രമുഖ സിനിമാ നടന്‍ നരേന്‍ എത്തിച്ചേരും. കോവിഡ് കാലഘട്ടത്തിനു ശേഷം യുക്മ കലാമേളകള്‍ വേദികളിലേയ്ക്ക് മടങ്ങിയെത്തിയപ്പോള്‍ അഭൂതപൂര്‍വമായ പിന്തുണയാണ് അംഗ അസോസിയേഷനുകളില്‍ നിന്നും അതുപോലെ തന്നെ യു.കെയിലെ പൊതുസമൂഹത്തില്‍ നിന്നും ലഭ്യമാകുന്നത്. കഴിഞ്ഞ മൂന്ന് ശനിയാഴ്ച്ചകളിലായി ആറ് റീജിയണുകളിൽ നടന്ന റീജിയണൽ കലാമേളകളില്‍ നിന്നും വിജയികളാവുന്നവരുടെ കലാശപ്പോരാട്ടം നടക്കുന്ന ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമിലുള്ള ക്ലീവ് സ്ക്കൂളിലെ കലാമേള വേദിയും ആവേശക്കൊടുമുടിയിലാവുമെന്നുപ്പാണ്. ഈ വര്‍ഷം യുക്മ സംഘടിപ്പിച്ച കേരളാപൂരം വള്ളംകളി – 2022ല്‍ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും എത്തിച്ചേര്‍ന്നതും വലിയ ആവേശമാണ് കാണികളിലുണ്ടാക്കിയത്.
മലയാള സിനിമാ രംഗത്തെ ആഗോള പ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തിയ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തിലെ മുത്തുവെന്ന കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നുവന്ന നടനാണ് സുനില്‍ കുമാര്‍ എന്ന നരേന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ഇജോ (ഇമ്മാനുവല്‍ ജോണ്‍) എന്ന നായക കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചു. ഈ സിനിമയില്‍ നരേന്റെ നായികയായി അഭിനയിച്ച മീരാ ജാസ്മിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. അതിനു ശേഷം മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേരു മാറ്റി നരേന്‍ എന്നാക്കി മാറ്റിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രത്തിലൂടെ മലയാളസിനിമയില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന നിലയിലേയ്ക്ക് നരേന്‍ ഉയര്‍ത്തപ്പെട്ടു. പന്തയക്കോഴി, ഒരേ കടല്‍, അയാളും ഞാനും തമ്മില്‍, റോബിന്‍ ഹുഡ് എന്നിവയാണ് മറ്റ് പ്രമുഖ മലയാളചിത്രങ്ങള്‍.
തൃശൂര്‍ കുന്നത്ത് മനയില്‍ സുരഭി അപ്പാര്‍ട്മെന്‍റില്‍ രാമകൃഷ്ണന്റെയും ശാന്തയുടെയും ഏകമകനായ സുനില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം ചെന്നൈയിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്ര ഛായാഗ്രഹണം പഠിച്ചു. തുടര്‍ന്ന് പരസ്യചിത്ര മേഖലയിലെ മുന്‍നിരക്കാരനായ രാജീവ് മേനോന്റെ സഹായിയായി. അവിടെ നിന്നാണ് അദ്ദേഹം സിനിമാ മേഖലയിലേയ്ക്ക് തിരിയുന്നത്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ സുനില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ശരത്ചന്ദ്രന്‍ വയനാടിന്റെ അന്നൊരിക്കല്‍ എന്ന ചിത്രത്തില്‍ കാവ്യാ മാധാവന്റെ നായകനായി. ഫോര്‍ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷം സുനിലിനായിരുന്നു.
മിഷ്കിന്‍ സംവിധാനം ചെയ്ത ചിത്തിരം പേശുതടി ആയിരുന്നു തമിഴിലെ രണ്ടാമത്തെ ചിത്രം. തുടക്കത്തില്‍ തന്നെ തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്ന സുനില്‍ വൈകാതെ നരേന്‍ എന്ന് പേരു മാറ്റി. തമിഴില്‍ തുടര്‍ന്ന് നെഞ്ചിരുക്കുംവരെ എന്ന ചിത്രത്തിലും അഭിനയിച്ചു. 2022 ൽ പുറത്തിറങ്ങിയ കമലഹാസൻ ചിത്രം വിക്രത്തിലും നരേൻ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്. മിഷ്കിന്റെ അഞ്ചാതെ ആണ് തമിഴിലെ ഏറ്റവും പുതിയ ചിത്രം.
പ്രശസ്ത ചലച്ചിത്ര താരം നരേന് യുക്മ ദേശീയ കലാമേളയിലേക്ക് ഹൃദ്യമായ സ്വാഗതം.
യുക്മ ദേശീയ കലാമേള വേദിയുടെ വിലാസം:-
Cleeve School and Sixth Form Centre of Excellence,
Two Hedges Road,
Bishop’s Cleeve,
Cheltenham,
Gloucestershire,
GL52 8AE.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല