എറണാകുളം പുത്തന്‍വേലിക്കര കൊലപാതക കേസില്‍ മുഖ്യപ്രതി ജയാനന്ദന് വധശിക്ഷ. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2006 ഒക്ടോബര്‍ ഒന്നിന് പുത്തന്‍വേലിക്കരയില്‍ ബേബിയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയെന്നും ഭര്‍ത്താവ് രാമകൃഷ്ണനെ വധിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ജയാനന്ദനു വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് അന്തിമ വാദത്തില്‍ ആവശ്യപ്പെട്ടിരുന്നു
2006 ഒക്ടോബറില്‍ പറവൂരിനു സമീപമുള്ള പുത്തന്‍വേലിക്കരയില്‍ നെടുമ്പിള്ളി വീട്ടില്‍ രാമകൃഷ്ണന്റെ ഭാര്യ ദേവകി എന്ന ബേബിയെയാണ് പ്രതി രാത്രി കൊലപ്പെടുത്തിയത്. ഇടതു കൈപ്പത്തി വെട്ടിമാറ്റി. ദേവകിയുടെ ഭര്‍ത്താവിനെ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കുറ്റകൃത്യത്തിന്റെ സ്വഭാവം നോക്കിയാല്‍ അത്യപൂര്‍വമായ കേസുകളുടെ ഇനത്തില്‍ ഇതിനെ പെടുത്താമെന്നും അതിനാല്‍ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ പി.ജി. മനു കോടതിയില്‍ പറഞ്ഞു. മൂന്ന് ജീവപര്യന്തങ്ങള്‍ കിട്ടാവുന്ന കുറ്റകൃത്യങ്ങള്‍ പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും പ്രതി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും സമൂഹത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ നീതിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണം.
പ്രതി ചെയ്ത കുറ്റകൃത്യത്തിന് ദൃക്സാക്ഷികള്‍ ആരുമില്ലായിരുന്നു. സാഹചര്യത്തെളിവുകളെ മാത്രമാണ് പ്രോസിക്യൂട്ടര്‍ ആശ്രയിച്ചത്. തെളിവുകളുടെ കണ്ണികള്‍ പൂര്‍ണമായും കോര്‍ത്തിണക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി ജോസ് തോമസ് വിധിയില്‍ പറഞ്ഞു. കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുത്താല്‍ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍, വധശിക്ഷ നല്‍കുന്നുവെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയുടെ വിധിക്ക് വിധേയമായി മാത്രമേ വധശിക്ഷ നടപ്പിലാക്കൂ.
തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിച്ചത് പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മാള ഇരട്ടക്കൊലക്കേസില്‍ ജയാനന്ദന് പ്രതിയായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഒന്നര വര്‍ഷം മുമ്പ് കോടതി വെറുതെ വിട്ടിരുന്നു. ആളുകളെ തലയ്ക്കടിച്ച് പരിക്കേല്പിക്കുന്നതിനാല് പ്രതിയെ റിപ്പര്‍ ജയാനന്ദന് എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല