സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ അസാമാന്യമായ കഴിവും ഉത്കര്‍ഷേച്ഛയുള്ളവരുമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. പുരോഗമനത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യയ്ക്ക് അനന്തസാധ്യതകളാണുള്ളതെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും പുതിൻ പറഞ്ഞു. ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യ അതിന് മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ഏകതാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് പുതിന്‍ ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചത്.
നവംബര്‍ നാലിനാണ് റഷ്യയുടെ ഏകതാദിനാചരണം. റഷ്യയും ലോകചരിത്രവും എന്ന വിഷയത്തെപ്പറ്റി സംസാരിക്കവേയാണ് പുതിന്‍ ഇന്ത്യയുടെ വിഭവശേഷിയെക്കുറിച്ച് പറഞ്ഞത്. റഷ്യയുടെ സവിശേഷമായ നാഗരികതയെയും സംസ്‌കാരത്തെയും കുറിച്ചും ആഫ്രിക്കയുടെ കോളനിവത്കരണത്തെക്കുറിച്ചും പുതിന്‍ പരാമര്‍ശിച്ചു.
ആഫ്രിക്കയടക്കമുള്ള രാഷ്ട്രങ്ങളെ കൊള്ളയടിച്ചാണ് പാശ്ചാത്യ രാജ്യങ്ങള്‍ സമ്പന്നരായതെന്നും പുതിന്‍ ആരോപിച്ചു. അടിമക്കച്ചവടവും കൊള്ളയടിക്കലും നടത്തി ഈ രാജ്യങ്ങളെ നശിപ്പിക്കുകയാണ് യൂറോപ്പ് ചെയ്തത്. യൂറോപ്പിലെ ഗവേഷകര്‍ പോലും ആ സത്യം മറച്ചുവെക്കാറില്ലെന്നും ആഫ്രിക്കന്‍ ജനതയുടെ കണ്ണീരിലും കഷ്ടപ്പാടിലും കെട്ടിപ്പൊക്കിയതാണ് യൂറോപ്യന്‍ സാമ്രാജ്യമെന്നത് സുവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിശാസ്ത്രപരമായും ക്രിസ്ത്യന്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലും റഷ്യ യൂറോപ്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നു പറയാമെങ്കിലും ലോകത്തിലെ തന്നെ വലിയ ശക്തിയായി റഷ്യ മാറിക്കഴിഞ്ഞുവെന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു. തികച്ചും വേറിട്ട സംസ്‌കാരശൈലിയും നാഗരികതയുമാണ് റഷ്യയുടേത്. അതാണ് റഷ്യയുടെ സവിശേഷതയുമെന്നും പുതിൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല