1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2022

സ്വന്തം ലേഖകൻ: 23 സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് ‘മോര്‍ച്ചറിയിലെ രാക്ഷസന്റെ’ കുറ്റസമ്മതം. ബ്രിട്ടനിലെ ആശുപത്രിയില്‍ ഇലക്ട്രീഷ്യനായിരുന്ന ഡേവിഡ് ഫുള്ളറാണ് 13 വര്‍ഷത്തിനിടെ 23 മൃതദേഹങ്ങള്‍ കൂടി ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കോടതിയില്‍ സമ്മതിച്ചത്.

രണ്ട് യുവതികളെ കൊലപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഡേവിഡ് ഫുള്ളര്‍. 78 മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമം നടത്തിയതിന് 12 വര്‍ഷത്തെ തടവിനും ഇയാളെ നേരത്തെ ശിക്ഷിച്ചിരുന്നു. ഇതിനുപുറമേയാണ് 23 മൃതദേഹങ്ങളില്‍ കൂടി ലൈംഗികാതിക്രമം നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയത്. ഇതോടെ പ്രതി ദുരുപയോഗം ചെയ്ത മൃതദേഹങ്ങളുടെ എണ്ണം 101 ആയി. പുതിയ കേസില്‍ അടുത്തമാസം ശിക്ഷ വിധിക്കും.

മൂന്നുപതിറ്റാണ്ടിലേറെ തുമ്പില്ലാതിരുന്ന രണ്ട് കൊലക്കേസുകളില്‍ ഡേവിഡ് ഫുള്ളറെ 2020-ല്‍ പോലീസ് പിടികൂടിയതോടെയാണ് ഇയാളുടെ കൊടുംക്രൂരതകള്‍ പുറംലോകമറിഞ്ഞത്. 1987-ല്‍ ബ്രിട്ടനിലെ രണ്ടിടങ്ങളിലായി രണ്ട് യുവതികള്‍ കൊല്ലപ്പെട്ട കേസിലാണ് 2020-ല്‍ പോലീസ് ഫുള്ളറെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളുടെ മുറി പരിശോധിച്ചതോടെയാണ് ലൈംഗികവൈകൃതത്തിന്റെ തെളിവുകളും ലഭിച്ചത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്ന ഇയാള്‍, തന്റെ ഹീനകൃത്യങ്ങളെല്ലാം ഫോട്ടോകളായും വീഡിയോകളായും സൂക്ഷിച്ചിരുന്നു.

മോര്‍ച്ചറിയിലെ രാക്ഷസന്‍ എന്നാണ് ഡേവിഡ് ഫുള്ളറെ പോലീസും മാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നത്. 1987-ല്‍ യുവതികള്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. തെളിയാതെ കിടക്കുന്ന കൊലക്കേസുകളില്‍ 2007-ലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തിയത്. പോലീസ് നടത്തിയ ഡി.എന്‍.എ. പരിശോധനയില്‍ രണ്ട് യുവതികളെയും കൊലപ്പെടുത്തിയത് ഒരാള്‍ തന്നെയാണെന്ന് വ്യക്തമായി.

തുടര്‍ന്ന് 2020-ലെ ഡി.എന്‍.എ. പരിശോധനയിലാണ് ഡേവിഡ് ഫുള്ളറാണ് ആ കൊലപാതകിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ ഓഫീസ് മുറിയും താമസസ്ഥലവും പരിശോധിച്ച പോലീസ് സംഘം വീണ്ടും ഞെട്ടി. നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഹീനമായ ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തും സൂക്ഷിച്ചിരുന്നു.

താന്‍ ദുരുപയോഗം ചെയ്ത ഓരോ മൃതദേഹങ്ങളുടെയും ദൃശ്യങ്ങള്‍ കൃത്യമായ പേരുനല്‍കിയാണ് ഡേവിഡ് സൂക്ഷിച്ചിരുന്നത്. ഏതുതരത്തിലാണ് ദുരുപയോഗം ചെയ്തത്, ഇരയുടെ പേര് എന്നിങ്ങനെയെല്ലാമുള്ള വിവരങ്ങളും ഈ ഫോര്‍ഡറില്‍ നല്‍കിയിരുന്നു. ‘ഇതുവരെയുള്ള മികച്ചത്’ എന്നായിരുന്നു ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മറ്റൊരു ഫോള്‍ഡറിന്റെ പേര്.

2007 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഏകദേശം 101 സ്ത്രീകളുടെ മൃതദേഹങ്ങള്‍ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇക്കാര്യം ഡേവിഡ് ഫുള്ളറും അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. 1989 മുതല്‍ ആശുപത്രിയിലെ ഇലക്ട്രീഷ്യനായി ജോലിചെയ്തുവരികയായിരുന്നു ഡേവിഡ്.

‘കെന്റ് ആന്‍ഡ് സസക്‌സ്’ ആശുപത്രിയിലായിരുന്നു ഇയാള്‍ ആദ്യം ജോലിചെയ്തിരുന്നത്. 2011-ല്‍ ആശുപത്രി പൂട്ടുന്നത് വരെ ഇവിടെ ജോലിയില്‍ തുടര്‍ന്നു. പിന്നീട് ടണ്‍ബ്രിഡ്ജ് വെല്‍സ് ആശുപത്രിയിലേക്ക് മാറി. ഇക്കാലയളവിലൊന്നും ഇയാള്‍ ചെയ്തിരുന്ന കൊടുംക്രൂരതകള്‍ ആരുമറിഞ്ഞിരുന്നില്ല. പോലീസിന്റെ പിടിയിലാകുന്നത് വരെ ഇയാള്‍ മൃതദേഹങ്ങളോടുള്ള ക്രൂരത തുടര്‍ന്നുവെന്നാണ് പോലീസ് പറയുന്നത്.

ആശുപത്രിയിലെ ഇലക്ട്രീഷ്യനായിരുന്ന പ്രതി, മറ്റുജീവനക്കാരില്ലാത്ത സമയത്താണ് മോര്‍ച്ചറിയില്‍ കടന്ന് മൃതദേഹങ്ങളോട് അതിക്രമം കാട്ടിയിരുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ ലൈംഗികമായി ദുരുപയോഗം ചെയ്ത പ്രതി, പലമൃതദേഹങ്ങളും ഒന്നിലേറെ തവണ ദുരുപയോഗം ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു. മോര്‍ച്ചറിയില്‍ സിസിടിവി ഇല്ലാതിരുന്നതും പ്രതിക്ക് സഹായകരമായി.

രണ്ട് യുവതികളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിന് പുറമേ ഡേവിഡ് ഫുള്ളര്‍, 101 മൃതദേഹങ്ങളോട് അതിക്രമം കാണിച്ചതും കഴിഞ്ഞദിവസം കോടതിയില്‍ തെളിഞ്ഞിരിക്കുകയാണ്. യുവതികളുടെ കൊലപാതകത്തില്‍ പരോളില്ലാത്ത ആജീവനാന്ത തടവായിരുന്നു കോടതിയുടെ ശിക്ഷ.

78 മൃതദേഹങ്ങളോട് അതിക്രമം കാട്ടിയതിന് 12 വര്‍ഷത്തെ ശിക്ഷയും വിധിച്ചു. ഇതിനുപിന്നാലെയാണ് 23 മൃതദേഹങ്ങള്‍ കൂടി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് പ്രതി സമ്മതിച്ചത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളുടെ മൃതദേഹങ്ങളായിരുന്നു. എന്നാല്‍ ഇതില്‍ പത്തുമൃതദേഹങ്ങള്‍ ആരുടെയെല്ലാമാണെന്ന് പോലീസിന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.