
സ്വന്തം ലേഖകൻ: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് ശരിവെച്ചിരിക്കുകയാണ്. സാമ്പത്തിക സംവരണത്തില്‍ പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് സംവരണത്തെ അനുകൂലിച്ച മൂന്ന് ജസ്റ്റിസുമാരും ചൂണ്ടിക്കാണിച്ചത്.
സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞത്. സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ.ബി. പാര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപ്രസ്താവിച്ചത്.
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി 2019 ജനുവരിയിലാണ് 103-ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളാണ് ഇതിലൂടെ ഭേദഗതി ചെയ്തത്. ഇതനുസരിച്ച് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാം. എന്നാല്‍ ഭേദഗതി വന്നപ്പോള്‍ മുതല്‍ ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്.
സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭേദഗതിയെന്നും എതിര്‍ ഹര്‍ജിക്കാര്‍ വാദിച്ചു. കൂടാതെ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം ഇല്ലായ്മ ചെയ്യുമെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഭേദഗതി ഭരണഘടനാവിരുദ്ധമല്ലെന്നും എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തെ സാമ്പത്തിക സംവരണം യാതൊരു തരത്തിലും ബാധിക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
103-ാം ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഇതനുസരിച്ച് വിദ്യാഭ്യാസ രംഗത്തും പി.എസ്.സി നിയമനത്തിലും സാമ്പത്തിക സംവരണം നടപ്പാക്കാനായി ഉത്തരവിറങ്ങിക്കഴിഞ്ഞു. മെഡിക്കല്‍, എന്‍ജിനീയറിങ് അടക്കമുള്ള പ്രഫഷണല്‍ കോഴ്‌സുകള്‍ക്കും കേന്ദ്രസര്‍വകലാശാലാ പ്രവേശനങ്ങള്‍ക്കുമെല്ലാം സാമ്പത്തിക സംവരണം നടപ്പിലാക്കിക്കഴിഞ്ഞു.
2020 ഒക്ടോബര്‍ 23നാണ് സംസ്ഥാന സര്‍വീസില്‍ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തുന്ന വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതനുസരിച്ച് 23.10.2020 മുതല്‍ നിലവിലുള്ളതും അതിനുശേഷം പി.എസ്.സി പുറപ്പെടുവിക്കുന്നതുമായ വിവിധ തസ്തികകളിലേക്കുള്ള തൊഴില്‍ വിജ്ഞാപനങ്ങള്‍ക്ക് സംവരണം ബാധകമായിരിക്കും. സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയ പി.എസ്.സി വിജ്ഞാപനങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞു. എന്നാല്‍, സാമ്പത്തിക സംവരണം നടപ്പാക്കിയ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.
എന്‍ജിനിയറിങ്, മെഡിക്കല്‍ ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിഭാഗത്തിലും മറ്റ് സംവരണസീറ്റുകളിലും കുറവുണ്ടാകാതിരിക്കാന്‍ പത്തു ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ അധികമായി അനുവദിക്കുകയാണുണ്ടായത്.
അടിസ്ഥാനയോഗ്യതയായ പ്ലസ് ടു മാര്‍ക്കില്‍ ഇളവ് വരുത്തിയിട്ടുമുണ്ട്. സാമ്പത്തികസംവരണം അനുസരിച്ച് കുട്ടികള്‍ വേണ്ടത്രയില്ലാത്ത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ ഒഴികെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. യോഗ്യതാമാര്‍ക്കിലും ഇളവ് നൽകി. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനും സാമ്പത്തിക സംവരണം നടപ്പാക്കി.
പൊതുവിഭാഗത്തിന് നീക്കിവെച്ചിട്ടുള്ള 50 ശതമാനത്തില്‍നിന്നാണ് സാമ്പത്തിക സംവരണത്തിനുള്ള പത്ത് ശതമാനം ഒഴിവുകള്‍ മാറ്റുന്നത്. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുന്നാക്ക വിഭാഗക്കാര്‍ക്കാണ് സാമ്പത്തികസംവരണത്തിന് അര്‍ഹത. സംവരണേതര വിഭാഗക്കാരായ സാമ്പത്തികമായി പിന്നാക്കമായ ഹിന്ദു, ക്രിസ്ത്യന്‍, ഇതര മുന്നാക്ക വിഭാഗക്കാര്‍ക്ക് ഈ ഉത്തരവിന്റെ ഗുണം ലഭിക്കും.
സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നാക്ക സംവരണം അനുവദിച്ചതെന്നായിരുന്നു കോടതിയിൽ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് സംവരണത്തിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിനാല്‍ സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്നു പറയാനാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദമാണ് ഹർജികളിൽ നടന്നത്. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഉൾപ്പെടെ പങ്കാളിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല