സ്വന്തം ലേഖകൻ: മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവെ കൈരളി ന്യൂസിന്റേയും മീഡയ വണ്‍ ചാനലിന്റേയും പ്രതിനിധികളെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. “ഇവിടെ കൈരളിയും മീഡയ വണ്ണും ഉണ്ടെങ്കില്‍ ഞാന്‍ തിരിച്ചുപോകും. ഗെറ്റ് ഔട്ട് ഓഫ് ഹിയര്‍, കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ല,” ഗവര്‍ണര്‍ ക്ഷുഭിതനായി.
രാജ്ഭവന് അനുവദിച്ച മാധ്യമങ്ങളുടെ പട്ടികയില്‍ മീഡിയ വണ്ണും കൈരളി ന്യൂസും ഉണ്ടായിരുന്നു. ഇക്കാര്യം മറ്റ് മാധ്യമപ്രവര്‍ത്തര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നായിരുന്നു വിശദീകരണം. ഗവര്‍ണറുടെ പുറത്താക്കല്‍ രീതിക്കെതിരെ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഗവര്‍ണറുടെ നടപടി ജനാധിപത്യ രീതിക്ക് വിരുദ്ധമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞത്. കടക്ക് പുറത്ത് എന്ന് ആര് പറഞ്ഞാലും അത് അംഗീകരിക്കാനാവുന്ന ഒന്നല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി. സംഭവത്തില്‍ വിയോജിപ്പ് ഗവര്‍ണറെ രേഖാമൂലം അറിയിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്യുജെ അറിയിച്ചു.
അതേസമയം, സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ വിശദീകരണം വായിച്ചശേഷം നടപടികള്‍ തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. “ഞാനാണ് അവരെ നിയമിച്ചത്, അവര്‍ക്കെങ്ങനെ എന്നെ വിമര്‍ശിക്കാനാകും. മന്ത്രിമാര്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ സാധിക്കുമോ. പ്രധാനമന്ത്രിയെ വിമര്‍ശിക്കേണ്ട സാഹചര്യ വന്നാല്‍ ഞാന്‍ രാജി വയ്ക്കും,” ഗവര്‍ണര്‍ വ്യക്തമാക്കി.
താത്കാലിക നിയമനം സംബന്ധിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പുറത്ത് വന്ന കത്ത് സംബന്ധിച്ചും ഗവര്‍ണര്‍ പ്രതികരിച്ചു. “ഇത്തരം കത്തുകള്‍ നിരവധിയുണ്ട്. എല്ലാ മേഖലകളിലും ഇതുപോലെ നിയമനങ്ങള്‍ നടക്കുന്നു. എല്ലാം വൈകാതെ പുറത്ത് വരും,” ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല