സ്വന്തം ലേഖകൻ: ചൈനയിൽ എംബിബിഎസ് പഠിക്കുന്നവർക്കു വീണ്ടും ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. പഠനം സംബന്ധിച്ചു മുൻപുനൽകിയ നിർദേശങ്ങൾ പാലിക്കുന്നവർക്കു മാത്രമാകും എഫ്എംജിഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ) എഴുതാൻ അർഹത. ചൈനയിലെ മെഡിക്കൽ കോളജുകളിൽ പ്രവേശന നടപടികൾ ആരംഭിക്കുകയും മുൻപു പ്രവേശനം നേടിയവർ മടങ്ങിപ്പോകാൻ തയാറെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പു നൽകുന്നതെന്നാണു വിശദീകരണം.
കോഴ്സും ഇന്റേൺഷിപ്പും പൂർത്തിയാക്കിയ ശേഷം ചൈനീസ് മെഡിക്കൽ യോഗ്യതാപരീക്ഷ പാസായി ഫിസിഷ്യൻ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കണം. 2021 നവംബർ 18നു ശേഷം ഇന്ത്യയിലെ എഫ്എംജിഇ എഴുതാൻ, ബിരുദമെടുത്ത രാജ്യത്ത് പ്രാക്ടിസ് ചെയ്യാനുള്ള ഈ ലൈസൻസ് നിർബന്ധമാണ്.
ക്ലിനിക്കൽ സെഷനുകൾക്കു ചൈനീസ് ഭാഷ നിർബന്ധമായതിനാൽ എല്ലാ വിദ്യാർഥികളും എച്ച്എസ്കെ–4 ലവൽ വരെയുള്ള ചൈനീസ് ഭാഷ പഠിച്ചിരിക്കണം. നാഷനൽ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) മാനദണ്ഡങ്ങൾ ചൈനീസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വിദ്യാർഥികൾ ഇതു പാലിക്കുന്നുവെന്നുറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല