1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ വിവിധ വീസകളില്‍ എത്തുന്ന പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കുന്നതിനു മുന്നോടിയായി പൂര്‍ത്തീകരിക്കേണ്ട മെഡിക്കല്‍ പരിശോധന സ്വകാര്യ ആശുപത്രികളിലേക്ക് നീക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി അറബ് ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പ്രവാസികളുടെ വീസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധന നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപ്പെടുന്ന വലിയ തിരക്ക് പരിഗണിച്ചാണ് ഇവ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നിര്‍വഹിക്കാനുള്ള പദ്ധതി അധികൃതര്‍ ആവിഷ്‌ക്കരിക്കുന്നത്.

സര്‍ക്കാര്‍ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രവാസി തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധനയില്‍ സ്വകാര്യ മേഖലയെ ഉള്‍പ്പെടുത്താനും പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരങ്ങള്‍ വികസിപ്പിക്കാനുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമം. ഇതിന്റെ മുന്നോടിയായി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ഒരുക്കേണ്ട സംവിധാനങ്ങള്‍, മെഡിക്കല്‍ പരിശോധനയ്ക്ക് പ്രവാസി തൊഴിലാളികളില്‍ നിന്ന് ഈടാക്കാവുന്ന ഫീസ്, പരിശോധനാ ഫലത്തെ സര്‍ക്കാര്‍ സംവിധാനവുമായി ലിങ്ക് ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മന്ത്രാലയം പഠനം നടത്തി വരികയാണെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യത്തില്‍ സഹകരിക്കാവുന്ന സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നും ഏതൊക്കെ സ്‌പെഷ്യലൈസ്ഡ് ചികില്‍സകള്‍ ഉണ്ടായിരിക്കണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചും പഠനം നടന്നുവരികയാണ്. ഇതുപ്രകാരം ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കുന്ന സ്വകാര്യ ആശുപത്രികളില്‍ മാത്രമേ പ്രവാസി ജീവനക്കാരുടെ വീസ നടപടികളുടെ ഭാഗമായുള്ള മെഡിക്കല്‍ പരിശോധനകള്‍ അനുവദിക്കുകയുള്ളൂ. സര്‍ക്കാര്‍ ആരോഗ്യ സൗകര്യങ്ങളുടെ ഭാരം ലഘൂകരിക്കുന്നതോടൊപ്പം മെഡിക്കല്‍ പരിശോധനയ്ക്കായുള്ള പ്രവാസി ജീവനക്കാരുടെ അപ്പോയിന്റ്‌മെന്റിനു വേണ്ടിയുള്ള കാത്തിരിപ്പ് കാലയളവിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും ഈ നടപടി ലക്ഷ്യമിടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ നടപടികളുടെ ഭാഗമായി കൂടിയാണ് വീസ മെഡിക്കല്‍ പരിശോധനയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം തേടാനുള്ള തീരുമാനം. മെഡിക്കല്‍ പരിശോധന വൈകുന്നത് പ്രവാസികള്‍ക്കിടയില്‍ ഉണ്ടാവാനിടയുള്ള സാംക്രമിക രോഗങ്ങള്‍ കണ്ടെത്തുന്നത് വൈകാനും അത് മറ്റുള്ളവരിലേക്ക് പടരാനും സാധ്യത കൂടുന്നുവെന്ന വിലയിരുത്തലും ഈ നീക്കത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മെഡിക്കല്‍ പരിശോധന എത്രയും വേഗം നടത്തുകയും പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ എത്രയും വേഗത്തില്‍ കണ്ടെത്തി പ്രതിവിധികള്‍ നല്‍കുകയും ചെയ്യാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.

പ്രവാസി തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന ദേശീയ ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്. കൊറോണ ഭീഷണി ശക്തമായിരുന്ന കാലത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ പിന്‍ബലത്തില്‍ പ്രവാസികളുടെ വീസ മെഡിക്കല്‍ പരിശോധനാ കാര്യത്തിലുള്ള സഹകരണം കൂടുതല്‍ എളുപ്പമാവുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. പരിശോധനാ ഫലങ്ങളുടെ കൃത്യതയും സേവനത്തിന്റെ ഗുണനിലവാരവും കര്‍ശന നിയന്ത്രണങ്ങളിലൂടെ ഉറപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ക്കും രൂപം നല്‍കിവരികയാണെന്നും മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.