സ്വന്തം ലേഖകൻ: ഡിസംബർ 1 ന് ജി20 യുടെ അധ്യക്ഷ പദം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായുളള പ്രത്യേക ലോഗോയും പ്രമേയവും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. ‘ഒരു ഭൂമി ഒരു കുടുംബം, ഒരു ഭാവി എന്നതായിരിക്കും ജി20 അധ്യക്ഷ പദവിയുടെ മന്ത്രമെന്ന് ലോഗോ പുറത്തിറക്കി പ്രധാനമന്ത്രി പറഞ്ഞു.
ജി 20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുന്നതോടെ അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളിൽ സവിശേഷമായ സംഭാവന നൽകാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്. അതോടൊപ്പം തന്നെ നിരവധി വെല്ലുവിളികളും മുന്നിലുണ്ട്.
ആഗോള ജിഡിപിയുടെ 85 ശതമാനം, ആഗോള വ്യാപാരത്തിന്റെ 75 ശതമാനം, ലോകജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം എന്നിവ പ്രതിനിധാനം ചെയ്യുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണു ജി-20. ഇന്ത്യ, ഓസ്ട്രേലിയ, അർജന്റീന, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ,, യുഎസ്, യൂറോപ്യൻ യൂണിയൻ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ എന്നീ ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്വ്യവസ്ഥകളാണ് ജി 20 അംഗങ്ങൾ.
ലോക സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ 1999 ലായിരുന്നു കൂട്ടായ്മ രൂപീകരിച്ചത്. ആഗോള സമ്പദ്വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ നിരവധി പ്രശ്നങ്ങളെയാണ് കൂട്ടായ്മ അഭിസംബോധന ചെയ്യുന്നത്. ജി-20 പ്രസിഡൻസി കാലയളവിൽ, രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിലായി 32 വ്യത്യസ്ത മേഖലകളിലായി 200 ഓളം യോഗങ്ങളാകും ഇന്ത്യ നടത്തുക. ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യുഎഇ എന്നീ രാജ്യങ്ങളെ 2023 ലെ ഉച്ചകോടിയിലേക്ക് ഇന്ത്യ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.
തുല്യവും സുസ്ഥിരവുമായ വളർച്ച, സ്ത്രീ ശാക്തീകരണം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികയിലൂന്നിയ വികസനം, കാലാവസ്ഥാ ധനസഹായം, ആഗോള ഭക്ഷ്യസുരക്ഷ, ഊർജ സുരക്ഷ എന്നീ വിഷയങ്ങളാണ് ഇന്ത്യയുടെ ജി 20 മുൻഗണനകൾ. ഇത് മികച്ച നിലയിൽ ചർച്ച ചെയ്യപ്പെടണമെങ്കിൽ നിലവിൽ ജി20 കൂട്ടായ്മക്കുള്ളിലെ രാജ്യങ്ങൾ തമ്മിൽ ഉടലെടുത്ത വിള്ളലുകൾ നികത്തേണ്ടതുണ്ട്. ഭിന്നതകൾ പരിഹരിച്ച് മുന്നിൽ നിന്നും നയിക്കുന്നതിന് ഒപ്പം തന്നെ നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുകയും വേണം.
ആഭ്യന്തര ഭരണത്തിൽ പരിഷ്കരണം നടപ്പാക്കുകയെന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. അതിനായി എല്ലാവരേയും ഉൾക്കൊള്ളാനും ഐക്യത്തിന് ഊന്നൽ നൽകി മുന്നോട്ട് പോകാനും നിർണായക നിലപാടുകൾ ഇന്ത്യ സ്വീകരിക്കണ്ടേതുണ്ട്. കാലാവസ്ഥ ധനസഹായമാണ് ഇന്ത്യ ശ്രദ്ധയൂന്നേണ്ട മറ്റൊരു വിഷയം. ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് വികസിത രാജ്യങ്ങൾ പുനരുത്പാദന ഊർജം കൈമാറേണ്ടതിന്റെ ആവശ്യം പ്രോത്സാഹിക്കപ്പെടണം. നമ്മുടെ സൗരോർജ റെക്കോഡുകളും ഈ ഘട്ടത്തിൽ ഇന്ത്യ ഉയർത്തിക്കാട്ടണം.
കോവിഡ് അടക്കമുള്ള വിഷയങ്ങൾ തീർത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോകം കടന്ന് പോകുന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി), വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ), ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് എന്നിവയുമായി സഹകരിച്ച് സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യാനുള്ള പ്രത്യേക പദ്ധതികളും ഇന്ത്യ തയ്യാറാക്കേണ്ടതുണ്ട്.
ആഗോള ഭക്ഷ്യ സുരക്ഷ, റഷ്യ-യുക്രൈൻ വിഷയത്തിലെ ജി 20 നയം എന്നിവയും വെല്ലുവിളികളിൽ ഉൾപ്പെടുന്നു. ജി 20 യിൽ നിന്നും റഷ്യയെ പുറത്താക്കണമെന്ന ആവശ്യം കൂടി ശക്തമായിരിക്കുന്ന അവസരത്തിലാണ് ഇന്ത്യ ജി 20 അധ്യക്ഷ പദം ഏറ്റെടുക്കുന്നത് എന്നത് കൊണ്ട് തന്നെ ജി 20 അംഗ രാജ്യങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക പെരുമാറ്റ ചട്ടം സംബന്ധിച്ചുള്ള കർശന നിലപാടും രാജ്യം സ്വീകരിക്കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല