
സ്വന്തം ലേഖകൻ: 2022 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾ നാളെ എത്തിത്തുടങ്ങും. യുഎസ് ദേശീയ ടീം ദി പേളിലെ മാർസ മലാസ് കെമ്പിൻസ്‌കിയിലെ ബേസ് ക്യാമ്പിൽ എത്തുന്ന ആദ്യ ടീം. അർജന്റീനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള കോച്ചിംഗ് സ്റ്റാഫും ചില ടീം ഒഫീഷ്യലുകളും ഇതിനകം രാജ്യത്ത് എത്തിയിട്ടുണ്ട്. ഫ്രാൻസ്, അർജന്റീന ടീമുകൾ നവംബർ പതിനാറിന് എത്തിച്ചേരും. നവംബർ പത്തൊൻപതിനാണ് ബ്രസീൽ പോർച്ചുഗൽ ടീമുകളെത്തുക. മുഴുവൻ ടീമുകളും ഖത്തറിൽ എത്തുന്ന തീയതികൾ ഫിഫ അധികൃതർ പുറത്തുവിട്ടു.
നവംബർ 10: യുഎസ്എ, നവംബർ 13: മൊറോക്കോ, നവംബർ 14: തുണീഷ്യ, ഇറാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്‌സർലൻഡ്, നവംബർ 15: ഡെൻമാർക്ക്, ഇംഗ്ലണ്ട്, നെതർലാൻഡ്‌സ്, ഇക്വഡോർ, നവംബർ 16: സെനഗൽ, വെയിൽസ്, ഫ്രാൻസ്, അർജന്റീന, നവംബർ 17: സൗദി അറേബ്യ, ജർമ്മനി, കാനഡ, പോളണ്ട്, മെക്‌സിക്കോ, നവംബർ 18: ബെൽജിയം, സ്‌പെയിൻ, ജപ്പാൻ, ക്രൊയേഷ്യ, ഘാന, കോസ്റ്റാറിക്ക, നവംബർ 19: കാമറൂൺ, പോർച്ചുഗൽ, സെർബിയ, ഉറുഗ്വേ, ബ്രസീൽ
നേരത്തെ ജപ്പാൻ സംഘമായിരുന്നു ആദ്യം ദോഹയിൽ വിമാനമിറങ്ങുക എന്നായിരുന്നു അറിയിച്ചിരുന്നത്. അതനുസരിച്ച് രണ്ടു ദിവസം മുൻപ് ജപ്പാൻ സംഘം വിമാനം ഇറങ്ങിയതുമാണ്. പക്ഷേ, അവരിൽ താരങ്ങൾ ഉണ്ടായിരുന്നില്ല. ടെക്‌നിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള സംഘം മാത്രമാണ്ടായിരുന്നത്.
നവംബർ പതിമൂന്നിന് പതിമൂന്ന് വരെ വിവിധ ക്ലബ് ലീഗുകൾ നടക്കുന്നുണ്ട്. ലോകക്കപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളിലെയും താരങ്ങൾ വിവിധ ക്ലബ് ലീഗുകളിൽ കളിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ ക്ലബ് ലീഗുകൾ കഴിഞ്ഞതിനുശേഷം മാത്രമേ ദേശീയ ടീമിലേക്ക് താരങ്ങൾ എത്തിച്ചേരാനാവൂ.
ലോകകപ്പിന് മുന്നോടിയായി പല ടീമുകൾക്കും സന്നാഹ മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. അതുകൊണ്ടു കൂടിയാണ് ടീമുകള് ഖത്തറിലേക്ക് എത്തുന്നത് വൈകുന്നത്. അർജന്റീനയുടെ സന്നാ മത്സരം അബുദാബിയിൽ വച്ച് കാനഡയ്ക്കെതിരെയാണ്. അമേരിക്കയ്ക്ക് സന്നാഹ മത്സരങ്ങൾ ഇല്ല. അതുകൊണ്ട് അവർ നേരത്തെ ഖത്തറിൽ എത്തുന്നത്.
അതിനിടെ ലോകകപ്പിന്റെ ലോഗോ പതിച്ച കറൻസിയും നാണയങ്ങളും പുറത്തിറക്കി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) . ലോകകപ്പ് നടക്കുന്ന 2022 എന്ന വർഷത്തെയും ഫിഫയുടെ 22-ാമത് ലോകക്കപ്പിനെയും സൂചിപ്പിച്ചു കൊണ്ട് 22 റിയാലിന്റെ കറൻസിയും വ്യത്യസ്ത ഡിസൈനുകളിലുള്ള 10 നാണയങ്ങളുമാണു പുറത്തിറക്കിയത്.
ക്യുസിബി ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽതാനിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ചേർന്നാണ് കറൻസി പുറത്തിറക്കിയത്. ഫിഫയും ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സഹകരിച്ചായിരുന്നു പരിപാടി. 22 റിയാലിന്റെ കറൻസിക്ക് 75 റിയാൽ നൽകണം. എന്നാൽ വിപണി മൂല്യം 22 റിയാൽ എന്നതിൽ മാറ്റമില്ല. ബാങ്കുകൾ, പണവിനിമയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും നോട്ടും നാണയങ്ങളും വാങ്ങാം.
കറൻസിയുടെ ഒരു വശത്ത് ഉദ്ഘാടന വേദിയായ അൽ ബെയ്ത്തിന്റെയും മറുവശത്ത് ഫൈനൽ വേദിയായ ലുസെയ്‌ലിന്റെയും ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. പശ്ചാത്തലത്തിൽ ഖത്തറിന്റെ ദേശീയ എംബ്ലവും ദോഹയുടെ ആകാശവും സുബാറ ഫോർട്ടുമാണ്. ഖത്തറിന്റെ ഫുട്‌ബോൾ ചരിത്രം പ്രതിഫലിപ്പിക്കുന്നതാണു കറൻസി. പോളിമർ ഉപയോഗിച്ചു നിർമിച്ച ആദ്യത്തെ നോട്ടാണ് എന്ന പ്രത്യേകതയുമുണ്ട്. മനോഹരമായ ഡിസൈനിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള ഉൽപന്നങ്ങൾ കൊണ്ടാണ് നോട്ടും നാണയങ്ങളും നിർമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല