സ്വന്തം ലേഖകൻ: യോർക്ക് നഗരത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചാൾസ് രാജാവിനും ഭാര്യ കാമിലയ്ക്കും നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം നഗരത്തിലെത്തിയത്.
നഗരത്തിലെത്തിയ ചാൾസ് രാജാവിന് ഔദ്യോഗിക വരവേൽപ്പ് ഒരുക്കിയിരുന്നു. വലിയ ജനക്കൂട്ടവും ഇതിനായി തടിച്ചു കൂടിയിരുന്നു. ഭരണാധികാരികളെ അഭിസംബോധന ചെയ്ത് നീങ്ങുന്നതിനിടെയാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് മുട്ടയേറ് ഉണ്ടായത്.
നാല് മുട്ടകൾ ചാൾസ് രാജാവിന് നേരെ എറിയുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുട്ടയേറ് ഉണ്ടാകുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ആളുകളോട് ചാൾസ് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അടിമകളുടെ ചോരയ്ക്ക് മുകളിലാണ് ബ്രിട്ടൻ കെട്ടിപ്പടുത്തത് എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു മുട്ടയേറ്.
സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ തന്നെ പ്രതിഷേധക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. 23 വയസ്സുള്ള യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ഇതാദ്യമായിട്ടല്ല രാജകുടുംബത്തിന് നേരെ സമാനമായ പ്രതിഷേധം ഉണ്ടാകുന്നത്. 2022ൽ സെൻട്രൽ ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാം സന്ദർശിച്ചപ്പോൾ എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വാഹനത്തിന് നേരെയും മുട്ടയേറ് ഉണ്ടായിരുന്നു. 1995ൽ ഡബ്ലിനിൽ നടന്ന ഒരു ചടങ്ങിനിടെ പ്രതിഷേധക്കാർ ചാൾസിന് നേരെ മുട്ടയെറിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല