സ്വന്തം ലേഖകൻ: വേഗം രാജ്യത്തിന്റെ ശക്തി, വേഗത്തെ ഇന്ത്യയുടെ അഭിലാഷവും ശക്തിയുമായാണ് കാണുന്നത്’
ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ അഞ്ചാമത്തേയും വന്ദേഭാരത് എക്സ്പ്രസ് (ചെന്നൈ-മൈസൂരു) തീവണ്ടിയും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലും ഉദ്ഘാടനം ബെംഗളൂരുവിൽ വെച്ച് നിർവ്വഹിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞത് ഇപ്രകാരമായിരുന്നു.
തദ്ദേശീയമായി നിർമ്മിക്കുന്ന തീവണ്ടി എന്ന പ്രത്യേകതയും വന്ദേഭാരത് എക്സ്പ്രസിനുണ്ട്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു – ചെന്നൈ വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗത 110 കിലോമീറ്ററാണ്. ബെംഗളൂരു -ചെന്നൈ ട്രാക്കുകൾ ബലപ്പെടുത്തുകയും തുറസ്സായ സ്ഥലങ്ങളിൽ കോൺക്രീറ്റ് വേലികൾ നിർമിക്കുകയും ചെയ്താൽ 140 മുതൽ 160 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അതിനായുള്ള ശ്രമങ്ങൾ ദക്ഷിണ റെയിൽവേ അടുത്തവർഷങ്ങളിൽ ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ അധികൃതരും പറയുന്നു.
രാജ്യ തലസ്ഥാനത്താണ് ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയത്. ഇതിന്റെ ചുവടുപിടിച്ച് ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസും ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. വൈകാതെ തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നാണ് വിവരം.
2023 ഓഗസ്റ്റ് 15നുള്ളിൽ 75 വന്ദേഭാരത് തീവണ്ടികൾ പുറത്തിറങ്ങുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. അതിനുശേഷം ഒരുവർഷത്തിനകം 400 വന്ദേ ഭാരത് തീവണ്ടികൾ പുറത്തിറക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ഗതാഗത മേഖലയിൽ വൻ കുതിപ്പാണ് കേന്ദ്രം ലക്ഷ്യം വെക്കുന്നത്. 75 വന്ദേ ഭാരത് തീവണ്ടികൾ അടുത്ത വർഷം പുറത്തിറക്കിയാൽ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് സർവീസ് നടത്താൻ സാധിക്കും. വിവിധ സംസ്ഥാനങ്ങളെ കൂട്ടിയോചിപ്പിക്കാൻ മണിക്കൂറുകളുടെ മാത്രം ദൈർഘ്യം മതിയാകും.
160 കിലോമീറ്റർ വേഗത്തിൽവരെ സഞ്ചരിക്കാനാവുന്ന വണ്ടികളാണ് വന്ദേഭാരത്. ഐ.സി.എഫ്., കപുർത്തല കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മേഡോൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലെല്ലാം വന്ദേഭാരത് വണ്ടികളുടെ നിർമാണം നടക്കുന്നുണ്ട്. എ.സി. ചെയർകാർ മാത്രമുള്ള തീവണ്ടികളും എ.സി. ബർത്തുകൾ മാത്രമുള്ള തീവണ്ടികളും നിർമിക്കുന്നുണ്ട്. എന്നാൽ പകൽയാത്രയ്ക്കുള്ള തീവണ്ടികളിൽ എ.സി. ചെയർകാറുകളും രാത്രി യാത്രയ്ക്കുള്ളവയിൽ ബർത്തുകളും മാത്രമാണ് ഉണ്ടാകുക.
കേരളത്തിലും വന്ദേഭാരത് വൈകാതെ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് വിവരം. തിരുവനന്തപുരം ഡിവിഷനിൽനിന്നാകും സർവീസ്. രണ്ടു റേക്കുകൾ (16 പാസഞ്ചർ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാർക്ക് ഇരിക്കാവുന്ന 16 പാസഞ്ചർ കാറുകളാണ് ഒരു തീവണ്ടിയിൽ ഉണ്ടാകുക. തീവണ്ടി സർവീസുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ തിരുവനന്തപുരത്ത് നടത്തണമെന്ന് റെയിൽവേ ബോർഡ് നേരത്തെ തന്നെ നിർദേശിച്ചിരുന്നു.
എന്നാൽ മുമ്പിലുള്ള പ്രശ്നം എന്നത്, കേരളത്തിൽ നിലവിലുള്ള പാതയുടെ കിടപ്പനുസരിച്ച് വിഭാവനംചെയ്ത വേഗത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾ ഓടിക്കാൻ കഴിയില്ല. വേഗത്തിൽ അല്പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല