മമ്മൂട്ടിയുടെ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ് മായാവി. ഹാസ്യരംഗങ്ങളില്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ച ഈ ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. മായാവിയുടെ തിരക്കഥാകൃത്തുക്കളായ റാഫി-മെക്കാര്‍ട്ടിന്‍ ടീം വീണ്ടും ഏറെ ഹാസ്യമുഹൂര്ത്തങ്ങളുള്ള ചിത്രവുമായി മമ്മൂട്ടിക്കൊപ്പം ചേരുന്നു.
നവാഗതനായ സുനില്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറിസോണ്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജന് തളിപ്പറമ്പ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.
മായാവിക്ക് ശേഷം റാഫി-മെക്കാര്‍ട്ടിന്‍ മമ്മൂട്ടിക്കൊപ്പം ഒന്നിച്ച ലൌ ഇന്‍ സിംഗപ്പോര്‍ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. അതിനാല്‍ മമ്മൂട്ടിക്ക്, ‘മായാവി’യെ പോലെ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം സമ്മാനിക്കാന്‍ വളരെ വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് റാഫി-മെക്കാര്‍ട്ടിന്‍ ടീം തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കിംഗ് ആന്‍ഡ് കമ്മിഷണര്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാഫിയുടെ വെനീസ്സിലെ വ്യാപാരിയാണ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല