1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2022

സ്വന്തം ലേഖകൻ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയോട് 121.5 മില്യണ്‍ ഡോളര്‍ റീഫണ്ടായി നല്‍കാനും 1.4 മില്യണ്‍ ഡോളര്‍ പിഴയായി നല്‍കാനും ആവശ്യപ്പെട്ട് അമേരിക്ക. വിമാന സര്‍വീസ് റദ്ദാക്കിയ ശേഷം യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നതില്‍ കാലതാമസം വരുത്തിയതിലാണ് നടപടി. ഇത്തരത്തില്‍ നടപടി നേരിട്ട ആറ് എയര്‍ലൈനുകളില്‍ എയര്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്ന് യുഎസ് ഗതാഗത വകുപ്പ് തിങ്കളാഴ്ച അറിയിച്ചു.

ആറ് എയര്‍ലൈനുകളും കൂടി 600 മില്യണ്‍ ഡോളര്‍ റീഫണ്ടായി നല്‍കാം എന്നാണ് സമ്മതിച്ചിരിക്കുന്നത് എന്ന് യുഎസ് ഗതാഗത വകുപ്പ് അറിയിച്ചു. റീഫണ്ട് ഇനത്തില്‍ 988.25 കോടി രൂപ (121.5 മില്യന്‍ ഡോളര്‍) യാത്രക്കാര്‍ക്കും പിഴയായി 11.38 കോടി രൂപയും (1.4 മില്യന്‍ ഡോളര്‍) ആണ് എയര്‍ ഇന്ത്യ നല്‍കേണ്ടത്. റീഫണ്ട് ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം ടിക്കറ്റ് തുക തിരിച്ചുനല്‍കുക എന്നാണ് എയര്‍ ഇന്ത്യയുടെ നയം.

എന്നാല്‍ ഇത് യു എസ് ഗതാഗത വകുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്നാണ് അധികൃതര്‍ പറയുന്നത്. വിമാന സര്‍വീസ് റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് നിയമപരമായി റീഫണ്ടിന് അവകാശമുണ്ട് എന്നിരിക്കെ അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമാണ് എയര്‍ ഇന്ത്യ റീഫണ്ട് നല്‍കിയിരുന്നത്. അതേസമയം ടാറ്റ എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിന് മുന്‍പുള്ളതാണ് ഈ പരാതികള്‍. വിമാനം റദ്ദാക്കിയതോ കാര്യമായ മാറ്റം വരുത്തിയതോ ആയ സംഭവങ്ങളില്‍ ഗതാഗത വകുപ്പില്‍ സമര്‍പ്പിച്ച 1900 റീഫണ്ട് പരാതികളില്‍ പകുതിയിലേറെയും പ്രോസസ്സ് ചെയ്യാന്‍ എയര്‍ ഇന്ത്യ 100 ദിവസത്തിലധികം സമയമെടുത്തു എന്നാണ് റിപ്പോര്‍ട്ട്.

പരാതികള്‍ സമര്‍പ്പിക്കുകയും വിമാനക്കമ്പനിയുമായി നേരിട്ട് റീഫണ്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്ത യാത്രക്കാര്‍ക്ക് റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിന് എടുത്ത സമയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എയര്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. എയര്‍ ഇന്ത്യയെ കൂടാതെ, ഫ്രോണ്ടിയര്‍, ടിഎപി പോര്‍ച്ചുഗല്‍, എയ്റോ മെക്സിക്കോ, ഇഐ എഐ, അവിയാന്‍ക എന്നിവയും പിഴ ചുമത്തിയ മറ്റ് വിമാനക്കമ്പനികളില്‍ ഉള്‍പ്പെടുന്നു.

222 മില്യണ്‍ ഡോളര്‍ റീഫണ്ടും 2.2 മില്യണ്‍ ഡോളര്‍ പിഴയും നല്‍കാനാണ് ഫ്രോണ്ടിയറിനോട് ഉത്തരവിട്ടത്. ടിഎപി പോര്‍ച്ചുഗല്‍ 126.5 ദശലക്ഷം ഡോളര്‍ റീഫണ്ടും 1.1 ദശലക്ഷം ഡോളര്‍ പിഴയും നല്‍കണം. അവിയാന്‍ക 76.8 ദശലക്ഷം ഡോളര്‍ റീഫണ്ടും 750,000 ഡോളര്‍ പിഴയും നല്‍കണം. ഇഐ എഐ 61.9 മില്യണ്‍ ഡോളര്‍ റീഫണ്ടും 900,000 ഡോളര്‍ പിഴയും)എയ്റോ മെക്‌സിക്കോ 13.6 ദശലക്ഷം ഡോളര്‍ റീഫണ്ടും 900,00 ഡോളര്‍ പിഴയും നല്‍കണം.

യുഎസ് നിയമപ്രകാരം, വിമാനക്കമ്പനികള്‍ വിമാനം റദ്ദാക്കുകയോ റൂട്ടില്‍ കാര്യമായ മാറ്റം വരുത്തുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കാന്‍ എയര്‍ലൈനുകളും ടിക്കറ്റ് ഏജന്റുമാരും ബാധ്യസ്ഥരാണ്. കൊവിഡ് കാലത്തെ പരാതികളാണ് യു എസ് ഗതാഗതവകുപ്പ് പരിഗണിച്ചവയില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ റീഫണ്ടിന് ആവശ്യപ്പെട്ടാല്‍ പെട്ടെന്ന് തിരികെ നല്‍കണമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ നടപടി സ്വീകരിക്കും എന്നുമാണ് യു എസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.