സ്വന്തം ലേഖകൻ: ക്രിസ്തുമസ് സീസണ് എത്തിയതോടെ വീണ്ടും യാത്രക്കാരെ കൊള്ളയചിച്ച് വിമാനക്കമ്പനികള്‍. ചെന്നൈ, ബംഗളൂരു എന്നീ സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കാണ് യാത്രക്കാര്‍ ഭീമമായ പണം നല്‍കേണ്ടി വരുന്നത്. ഡിസംബര്‍ 15ന് ശേഷം നിലവിലുള്ള വിമാനച്ചാര്‍ജ് ഇരട്ടിയാക്കിയിരിക്കുകയാണ് കമ്പനികള്‍. ഇതോടെ ചെന്നൈ, ബംഗളൂരു എന്നീ സ്ഥലങ്ങളിലെ മലയാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
പൊതുവെ സ്വകാര്യ ബസുകളില്‍ നിരക്ക് കൂടുതലാണ്. ഇതില്‍ നിന്ന് രക്ഷനേടാന്‍ വിമാനത്തെ ആശ്രയിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. വ്യാഴാഴ്ചത്തെ നിരക്ക് അനുസരിച്ച് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് എത്താന്‍ 4889 രൂപ നിരക്കില്‍ നാല് പേരുള്ള ഒരു കുടുംബത്തിന് 20000 രൂപയില്‍ താഴെ മാത്രം മതി. എന്നാല്‍ ക്രിസ്തുമസ് സീസണിലാണ് ഈ യാത്രയെങ്കില്‍ ഒരാള്‍ക്ക് മാത്രം 9889 രൂപ നല്‍കേണ്ടിവരും.
നാല് പേര് അടങ്ങുന്ന ഒരു കുടുംബത്തിന് കേരളത്തിലേക്ക് എത്താന്‍ ചെലവാകുന്ന തുക 40000 രൂപ അടുപ്പിച്ചെങ്കിലും വരും. സ്വകാര്യ ബസ് കമ്പനികള്‍ തിരക്ക് അനുസരിച്ച് നിരക്ക് വര്‍ദ്ധിപ്പിക്കാറുണ്ട്. അതുപോലെ തന്നെ ഇപ്പോള്‍ വിമാനക്കമ്പനികളും നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. ഇത് യാത്രക്കാരെ സംബന്ധിച്ച് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവയ്ക്കുന്നത്.
ഡിസംബര്‍ 23ന് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് നോണ്‍ സ്റ്റോപ്പ് വിമാനങ്ങള്‍ക്ക് 26000 രൂപ മുതല്‍ 31000 രൂപ വരെയാണ് ഈടാക്കുന്നത്. ഇങ്ങനെ ഒരു കുടുംബം യാത്ര ചെയ്യുകയാണെങ്കില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപ ചെലവാക്കേണ്ടി വരും. ഉത്സവകാലം കണ്ട് ഇപ്പോള്‍ ഇരട്ടിത്തുകയാണ് ബുക്കിംഗ് ആപ്പുകളും ഈടാക്കുന്നത്.
അവധിക്കാലമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ എന്തായാലും നാട്ടിലേക്കെത്തും. ഇത് മുതലാക്കുകയാണ് വിമാനക്കമ്പനികള്‍. അതേസമയം, കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസ് യാത്രയ്ക്ക് സാധാരണ 800 രൂപ മുതല്‍ 2000 രൂപ വരെയാണ് ഈടാക്കാറുള്ളത്. എന്നാല്‍ ക്രിസ്തുമസ് കണക്കിലെടുത്ത് മൂവായിരം മുതല്‍ നാലായിരം രൂപ വരെയാകും.
ഈ കൊള്ള നടത്തുന്നതിന് വേണ്ടി സ്വകാര്യ ബസ് കമ്പനികള്‍ അവധിക്കാലത്തേക്കുള്ള ടിക്കറ്റ് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമാണ് ഇ കൊള്ളയ്ക്ക് ഇരയാകുന്നത്. ഇത് ഈ അവധിക്കാലത്ത് മാത്രമല്ല, എല്ലാ അവധിക്കാലും ഇത് സര്‍വ്വസാധാരണമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല