സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികൾക്ക് പണം നൽകി ലോകകപ്പ് ആരാധകരാക്കുന്നുവെന്ന ആരോപണങ്ങൾക്ക് രൂക്ഷ മറുപടിയുമായി ഖത്തർ. ചില ഇംഗ്ലിഷ്, ഫ്രഞ്ച് മാധ്യമങ്ങളുടെ വാർത്തകൾ പൂർണമായും തെറ്റാണെന്നും ഖത്തറിനെതിരായ വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമാണിതെന്നും ഫിഫ ലോകകപ്പ് ഖത്തർ സിഇഒ നാസർ അൽ ഖാദർ വ്യക്തമാക്കി.
പ്രചാരണങ്ങൾ ആതിഥേയരാകുന്ന ഖത്തറിന്റെ ശേഷിയെ ചോദ്യം ചെയ്യുന്നതും രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതുമാണ്. ലോകകപ്പിനായി ഇതുവരെ 31 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. മത്സരങ്ങൾ കാണാനെത്തുന്നവരെ ഇകഴ്ത്തിപറയുന്നതും കൂലിപ്പണിക്കാർ എന്നു വിളിക്കുന്നതും തീർത്തും ലജ്ജാകരമാണ്. ഖത്തറിലെ ജനങ്ങൾ ഫുട്ബോളിനെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണെന്നും അൽ ഖാദർ പറഞ്ഞു.
ഫിഫയുടെ ചരിത്രത്തിലെ എക്കാലത്തെയും അവിസ്മരണീയമായ ലോകകപ്പിനാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നതെന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ വിമർശകർക്ക് വ്യക്തമാകുമെന്നും ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അൽ ഖാദർ ചൂണ്ടിക്കാട്ടി. മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിന് ഞായറാഴ്ച തുടക്കമാകും. 12 വർഷം നീണ്ട ലോകകപ്പ് തയാറെടുപ്പുകൾ പൂർത്തിയാക്കി അവിസ്മരണീയമായ ടൂർണമെന്റാണ് ഖത്തർ ലോകത്തിന് സമർപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല