സ്വന്തം ലേഖകൻ: കെ റെയില്‍ പദ്ധതി തത്ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഇത് പുതുക്കി നല്കാന് കെ റെയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സാമൂഹിക ആഘാത പഠനം ഇനി തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര അനുമതിയുണ്ടെങ്കില്‍ മാത്രം നടപടികള്‍ തുടരാമെന്നാണ് നിര്‍ദേശം. സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങില്ല. ഇതിനായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ ഉടന്‍ തിരിച്ചുവിളിക്കും.
വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. പ്രതിഷേധക്കാരെ അടിച്ചമർത്താൻ പോലീസിനെ ഉപയോഗിച്ച് സർക്കാർ നടത്തിയ ശ്രമങ്ങൾ സിപിഐമ്മിന്റെ പ്രതിച്ഛായയെ പോലും ബാധിച്ചിരുന്നു. പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉടലെടുത്തതോടെയാണ് പിണറായി സർക്കാർ തങ്ങളുടെ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നത്.
സിൽവർലൈൻ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സമരസമിതി പറഞ്ഞു. സമരക്കാർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനം വീണ്ടും തുടരാത്തതിനാൽ പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കും. 11 ജില്ലകളിലായി നിയോഗിച്ച 205 ഉദ്യോഗസ്ഥരെയും സർക്കാർ തിരിച്ചുവിളിക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല