സ്വന്തം ലേഖകൻ: ഈ ദശകത്തിൽ തന്നെ മനുഷ്യർക്ക് കൂടുതൽ കാലം ചന്ദ്രനിൽ തങ്ങാൻ കഴിയുമെന്ന് നാസ ജോണ്സണ് സ്പേസ് സെന്ററിലെ ഓറിയണ്‍ പ്രോഗ്രാം ഡെപ്യൂട്ടി മാനേജര്‍ ഹോവാര്‍ഡ് ഹു ബിബിസിയോട് പറഞ്ഞു. ആർട്ടിമിസ് ദൗത്യങ്ങൾ ആഴത്തിലുള്ള ബഹിരാകാശ പരിതസ്ഥിതിയിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് പഠിക്കാൻ ഗവേഷകരെ സഹായിക്കുന്ന സുസ്ഥിര പ്ലാറ്റ്ഫോമും ഗതാഗത സംവിധാനവുമാണെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ആളുകളെ ചന്ദ്രോപരിതലത്തിലേക്ക് അയയ്ക്കാൻ പോകുകയാണ്, അവർ അവിടെ ജീവിക്കുകയും പഠനം നടത്തുകയും ചെയ്യും,“ ഞായറാഴ്ച പുറത്തുവന്ന ബിബിസി റിപ്പോർട്ടിൽ ഹു പറയുന്നുണ്ട്.
25.5 ദിവസത്തെ ആർട്ടിമിസ് I ദൗത്യത്തിൽ അഞ്ച് ദിവസം പിന്നിട്ടിരിക്കുന്നു, ഓറിയോൺ ചന്ദ്രനിലേക്കുള്ള പാതയിൽ തുടരുകയാണ്. ഞായറാഴ്ചയത്തെ കണക്കുകൾ പ്രകാരം, ആളില്ലാത്ത ഓറിയോൺ ഭൂമിയിൽ നിന്ന് 374,466 കിലോമീറ്റർ സഞ്ചരിച്ചു. ഈ സമയം ഓറിയോൺ ചന്ദ്രനിൽ നിന്ന് 63,570 കിലോമീറ്റർ അകലെയായിരുന്നു. മണിക്കൂറിൽ 597 കിലോമീറ്റർ വേഗതത്തിലാണ് പേടകം സഞ്ചരിക്കുന്നത്.
യുഎസിന് വേണ്ടി മാത്രമല്ല, ലോകത്തിന് വേണ്ടിയുള്ള ദീർഘകാല ആഴത്തിലുള്ള ബഹിരാകാശ പര്യവേഷണത്തിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടുവയ്പ്പാണിതെന്നും ഹു പറഞ്ഞു. അവസാനനിമിഷം സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടുതവണ മുടങ്ങിയ ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം നവംബർ 16നാണ് നടന്നത്.
അൻപതു വർഷങ്ങൾക്കപ്പുറം നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്കു വീണ്ടും മനുഷ്യനെ എത്തിക്കാനാണ് നാസ പദ്ധതിയൊരുക്കുന്നത്. ഇതിനായുള്ള നാസയുടെ ദൗത്യപദ്ധതിയായ ആർട്ടിമിസിന്റെ പ്രഥമദൃത്യമാണിത്. ഒട്ടേറെ യാത്രികരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങൾ വഹിച്ചത് സാറ്റേൺ ഫൈവ് എന്ന റോക്കറ്റാണ്. ഇപ്പോഴിതാ ആർട്ടിമിസ് പുറപ്പെട്ടത് ലോകത്തിൽ നിർമിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല