സ്വന്തം ലേഖകൻ: റെയില്‍വേ സൗകര്യം ഇല്ലാത്ത, അരലക്ഷത്തിനുമേല് ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയപാത നിര്‍മിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. കേരളത്തില്‍നിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂര്‍, നെടുമങ്ങാട് എന്നീ നഗരങ്ങള്‍ റെയില്‍വേ ബോര്‍ഡിന്റെ സാധ്യതാപട്ടികയില്‍ ഇടംനേടി. സാധ്യത പഠിക്കാന്‍ സോണല്‍ റെയില്‍വേ ഓഫീസുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് കഴിഞ്ഞദിവസം നിര്‍ദേശം നല്കി. ഡിസംബര്‍ രണ്ടിനകം റിപ്പോര്‍ട്ട് നല്‍കണം.
52,405 ജനസംഖ്യയുള്ള തൊടുപുഴ നഗരസഭയുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫോര്‍മാറ്റാണ് സാധ്യത പഠിക്കാനായി റെയില്‍വേ ബോര്‍ഡ് നല്‍കിയത്. തൊടുപുഴ നിലവില്‍ അങ്കമാലി-ശബരി റെയില്‍വേ പദ്ധതിയുടെ ഭാഗമാണ്. അതിനാലാണ് പുതിയ സാധ്യതാപട്ടികയില്‍ തൊടുപുഴ ഉള്‍പ്പെടാത്തത്. ശബരിപാതയ്ക്ക് അനുമതി വേഗംലഭിക്കാനും പുതിയ നീക്കം വഴിയൊരുക്കിയേക്കും.
ഗതാഗത വികസനത്തിനുള്ള പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയില്‍ ശബരിപാത ഉള്‍പ്പെടുത്തുന്നതിന് ചര്‍ച്ചകള്‍ സജീവമാണ്. നിര്‍ദിഷ്ട ശബരിപദ്ധതിയുടെ മൂന്നാംഘട്ടത്തിലുള്ള നെടുമങ്ങാട് (ജനസംഖ്യ 60,161) സാധ്യതാപട്ടികയിലുള്ളതും ശബരിപാതയ്ക്ക് ഗുണമാകും.
ഗതിശക്തി പദ്ധതിക്കുവേണ്ടി ഗുജറാത്തിലെ ഭാസ്കരാചാര്യ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഫോര്‍ സ്പെയ്സ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ ഇന്‍ഫോമാറ്റിക്സ് (ബി.ഐ.എസ്.എ.ജി.) ആണ് 80 നഗരങ്ങളെ തിരഞ്ഞെടുത്തത്.
1997-ല്‍ പ്രഖ്യാപിച്ച ശബരിപാതയ്ക്ക് 111 കിലോമീറ്ററാണ് ദൈര്‍ഘ്യം. പാതയില്‍ ഏഴുകിലോമീറ്റര്‍ ട്രാക്കും ഒരു കിലോമീറ്റര്‍ നീളമുള്ള റെയില്‍പ്പാലവും കാലടിയിലെ റെയില്‍വേസ്റ്റേഷനും പണിതീര്‍ന്നിട്ട് ഏഴുവര്‍ഷത്തിലേറെയായി. അങ്കമാലിമുതല്‍ എരുമേലിവരെയുള്ള ആദ്യഘട്ടം നടപ്പായാല്ത്തന്നെ മലയോരമേഖലയുടെ വികസനത്തിന് പ്രയോജനപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല