സ്വന്തം ലേഖകൻ: കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം. ഭക്ഷണം കഴിക്കുന്നതിനിടെ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് മൂവര്‍ സംഘം ആക്രമിക്കുകയായിരുന്നു. സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കോട്ടയം നഗരത്തിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. അക്രമത്തിനിരയായവരുടെ മറ്റൊരു സുഹൃത്ത് അപകടത്തില്‍പ്പെട്ട് കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിദ്യാര്‍ത്ഥിനിക്ക് വേണ്ട വസ്ത്രങ്ങളും മറ്റും നല്‍കിയശേഷം പുറത്തുപോയി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. അവിടെയെത്തിയ അക്രമിസംഘം പെണ്‍കുട്ടിയെ കമന്റടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിദ്യാർഥിനി പറയുന്നു: കൂടുതലും എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി. ആ സമയത്ത് ഞാൻ അവിടെ ഇരുന്നതാണ് അവരെ പ്രകോപിപ്പിച്ചത്. എന്നെയാണ് അവർ കളിയാക്കിക്കൊണ്ടിരുന്നത്. മോശമായി പെരുമാറുകയും തെറിവിളിക്കുകയും ചെയ്തു. വൃത്തികേടുകളും അധിക്ഷേപങ്ങളും വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന അവരെ ഞാൻ പോടാ എന്ന് വിളിച്ച് പ്രതികരിച്ചു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. കാറിൽ പിന്തുടർന്ന് എത്തി ബൈക്ക് തടഞ്ഞു.
എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയാണ് തല്ലിത്തുടങ്ങിയത്. തടയാൻ ശ്രമിച്ചതോടെ എനിക്കു നേരെയായി ആക്രമണം. ‘ഞങ്ങൾ ആരാണെന്നാടീ നിന്റെ വിചാരം’ എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. പത്തു മിനിറ്റോളം ഇതു നീണ്ടു. അവസാനമാണ് പൊലീസ് വന്നത്. എന്റെ തലയ്ക്കും വയറിനും നല്ല വേദനയുണ്ട്.
ഇടയ്ക്കിടയ്ക്ക് കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നുന്നു. മനസ്സും ശരീരവും ഇതുവരെ ശരിയായിട്ടില്ല.രാത്രി ഒരു പെൺകുട്ടി ഇത്രയും ക്രൂരമായി ആക്രമിക്കപ്പെടുന്നത് കണ്ടിട്ടും അവിടെ ഉണ്ടായിരുന്ന ഒരാളുപോലും പ്രതികരിച്ചില്ലെന്നത് പേടിപ്പെടുത്തുന്നുണ്ട്. ശാരീരികമായും മാനസികമായും നേരിട്ട ആഘാതം വിട്ടുമാറിയിട്ടില്ല. സുഹൃത്തിനാണു കൂടുതൽ പരുക്കേറ്റത്.
പ്രതികളിലൊരാളായ മുഹമ്മദ് അസ്ലമിനെതിരെ കുമരകം സ്റ്റേഷനിൽ അടിപിടിക്കേസുണ്ട്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ ആർ. പ്രശാന്ത് കുമാർ, എസ്ഐമാരായ ടി. ശ്രീജിത്ത്, സജികുമാർ, എഎസ്ഐ കെ.ടി.രമേശ്, സിപിഒമാരായ ശ്രീജിത്ത്, ഷൈൻതമ്പി എന്നിവർ ഉൾപ്പെട്ട സംഘമാണ് നഗരമധ്യത്തിലെ ആക്രമണക്കേസ് അന്വേഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല