സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവളവമായ സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) ഇതാ മറ്റൊരു വന്‍ സംരംഭത്തിന് തുടക്കമിടുകയാണ്. സ്വകാര്യ/ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് മാത്രമായൊരു ടെര്‍മിനല്‍ ആരംഭിക്കുന്നു. ഡിസംബര്‍ 10 ന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുകയാണ്. കേരളത്തിന്റെ വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടാകുന്ന രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലായിരിക്കുമിത്.
രാജ്യത്തെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ്‌വേ എന്ന ആശയമാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിലൂടെ സിയാല്‍ സാക്ഷാത്ക്കരിക്കുന്നത്. ബിസിനസ് ജെറ്റ് സര്‍വീസുകള്‍, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാര്‍ട്ടര്‍ ഗേറ്റ്‌വേ പ്രവര്‍ത്തിക്കും. താരതമ്യേന കുറഞ്ഞ ചെലവില്‍ ബിസിനസ് ജെറ്റ് യാത്ര സാധ്യമാക്കുക എന്ന പദ്ധതിയും സിയാല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
നിലവില്‍ സിയാല്‍ രണ്ടു ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ആഭ്യന്തര യാത്രയ്ക്ക് ടെര്‍മിനല്‍ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെര്‍മിനല്‍ മൂന്നും. രണ്ടാം ടെര്‍മിനലില്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ, രാജ്യത്ത് സ്വകാര്യ ജെറ്റ് ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാല്‍ മാറും. സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ആഭ്യന്തര, രാജ്യാന്തര ജെറ്റ് ഓപ്പറേഷനുകള്‍ക്ക് സജ്ജമാണ്.
ചാര്‍ട്ടേഡ് / സ്വകാര്യവിമാനങ്ങള്‍ക്കും അതിലെ യാത്രക്കാര്‍ക്കും പ്രത്യേകമായ സേവനം നല്‍കുക എന്നതാണ് സാധാരണയായി ബിസിനസ് ജെറ്റ് ടെര്‍മിനലുകളുടെ പ്രവര്‍ത്തനം. ചാര്‍ട്ടേഡ് ഗേറ്റ് വേ എന്ന ആശയം കുറച്ചുകൂടി സമഗ്രമാണ്. രാജ്യാന്തര സമ്മേളനങ്ങള്‍, ബിസിനസ് മീറ്റുകള്‍, മീറ്റിങ്-ഇന്‍സന്റീവ്-കോണ്‍ഫറന്‍സ് എന്നറിയപ്പെടുന്ന ‘മിക് ‘ കൂടിക്കാഴ്ചകള്‍ ഇവയെ വിമാനത്താവള നടത്തിപ്പുകമ്പനിയുടെ ആഭിമുഖ്യത്തില്‍ ഏകോപിപ്പിക്കുക, അത്തരം സമ്മേളനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് ചാര്‍ട്ടര്‍ ഗേറ്റ് വേയ്ക്കുള്ളത്.
ജി-20 മിനിസ്റ്റീരിയല്‍ സമ്മേളനത്തിന് 2023-ല്‍ കേരളം വേദിയാകുമെന്നാണ് കരുതുന്നത്. ഐപിഎല്‍ ലേലം ഉള്‍പ്പെടെയുള്ളവ കൊച്ചിയില്‍ നടക്കാനിരിക്കുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍, ഐടി സമ്മേളനങ്ങള്‍, ഡിസൈന്‍ സമ്മിറ്റുകള്‍ എന്നിവയ്ക്കൊക്കെ ആതിഥേയത്വമരുളുകയും അതുവഴി വരുമാനം നേടാനും മീറ്റിങ് ഇന്‍ഡസ്ട്രി എന്ന ആശയത്തെ വിപുലീകരിക്കേണ്ടതുണ്ട്. അതിലേയ്ക്കുള്ള ഒരു ചുവടുവയപ്പാണ് കൊച്ചിയിലെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല