
സ്വന്തം ലേഖകൻ: പാരമ്പര്യം നെഞ്ചോടു ചേർത്തു വികസനത്തിന്റെ പടവുകൾ അതിവേഗം കീഴടക്കി മുന്നേറുന്ന അറേബ്യൻ ഐക്യനാടിന് ഇന്ന് 51ാം പിറന്നാൾ തിളക്കം. 49 വർഷം കഴിഞ്ഞുള്ള രാജ്യത്തെ സ്വപ്നം കണ്ടുകൊണ്ടാണ് ഈ പിറന്നാൾ യുഎഇ ആഘോഷിക്കുന്നത്.
2071ൽ 100 പിന്നിടുമ്പോൾ യുഎഇയുടെ മുഖം എന്താവണമെന്ന വിശാല ദീർഘ വീക്ഷണം രാജ്യത്തെ ജനങ്ങളുമായി പങ്കുവച്ചാണ് ഭരണാധികാരികൾ ദേശീയദിന സന്ദേശം നൽകുന്നത്. സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കിയ കുതിപ്പിന്റെ ചരിത്രമാണ് രാജ്യത്തിന്റേത്. മരുഭൂമിയിൽ നിന്ന് യുഎഇയുടെ സ്വപ്നങ്ങൾ ഇന്ന് ബഹിരാകാശത്തോളം എത്തി.
ചന്ദ്രോപരിതലത്തിലെ പഠനത്തിന് സ്വന്തമായി പേടകം അയയ്ക്കുന്നതിലേക്ക് വളർന്ന യുഎഇ ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്കാകെ വഴികാട്ടിയായി മാറി. ഇത്രയേറെ ലോക രാജ്യങ്ങളിൽ നിന്നുള്ളവർക്കു വീടൊരുക്കുന്ന മറ്റൊരു രാജ്യവും വേറെയില്ല.
സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ 6 പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2ന് യുഎഇ എന്ന ഒറ്റ രാജ്യമായി. 1972 ഫെബ്രുവരി 10ന് റാസൽഖൈമയും ചേർന്നതോടെ യുഎഇയ്ക്ക് സപ്ത എമിറേറ്റിന്റെ തിളക്കവും ശക്തിയും കൈവന്നു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും രാഷ്ട്ര ശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും നേതൃത്വത്തിൽ ദുബായിലെ അൽദിയാഫ പാലസിൽ (യൂണിയൻ ഹൗസ്) ആയിരുന്നു ആ ചരിത്ര പ്രഖ്യാപനം.
ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രൂഷ്യൽ സ്റ്റേറ്റ്സുകൾ ഇതോടെ യുഎഇ എന്ന സ്വതന്ത്ര രാജ്യ പദവിയിലേക്ക് ഉയർന്നു. യുഎഇയുടെ പ്രഥമ പ്രസിഡന്റിനെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഉയർന്നുവന്ന ഒരേ ഒരു പേര് ഷെയ്ഖ് സായിദിന്റേത് മാത്രം. രാഷ്ട്ര നിർമാണത്തിൽ അതുല്യ സംഭാവന നൽകിയ ഷെയ്ഖ് റാഷിദ് ആദ്യ പ്രധാനമന്ത്രിയുമായി.
വിവിധ മതസ്ഥർക്ക് വിശ്വാസം അനുസരിച്ച് ജീവിക്കാനും പ്രാർഥിക്കാനുമുള്ള സൗകര്യമുണ്ട് ഈ രാജ്യത്ത്. മസ്ജിദും ദേവാലയങ്ങളും ക്ഷേത്രവും ഗുരുദ്വാരയുമെല്ലാം ഒരുമിച്ച് ഒരു മതിൽക്കെട്ടിനുള്ളിൽ പ്രവർത്തിക്കുന്നു. 6–8 നൂറ്റാണ്ടിലെ ക്രൈസ്തവ ആശ്രമത്തിന്റെ ശേഷിപ്പുകൾ നവംബറിൽ ഉമ്മുൽഖുവൈനിലെ സിന്നിയ ദ്വീപിൽനിന്ന് കണ്ടെടുത്തിരുന്നു. 1400 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയ ശേഷിപ്പുകളും 1990ൽ സർ ബനിയാസ് ദ്വീപിൽ കണ്ടെത്തി. ഇവയെല്ലാം ഈ നാടിന്റെ മതസഹിഷ്ണുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല