സ്വന്തം ലേഖകൻ: സാമ്പത്തിക മാന്ദ്യത്തെ നേരിടുന്ന ബ്രിട്ടനിൽ രണ്ടു വർഷത്തിലാദ്യമായി വീടുകൾക്ക് വിലയിടിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഗണ്യമായി ഉയർത്തിയതും പുതിയ സർക്കാർ മിനി ബജറ്റിൽ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക നയങ്ങളുമാണ് വീടു വിപണിയുടെ തളർച്ചക്കു വഴിവച്ചിരിക്കുന്നത്.
സർക്കാർ ഉദ്ദേശിച്ച കാര്യം തന്നെയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത് എന്നാണ് ഈ മേഖലയിൽ ഉള്ളവരുടെ വിലയിരുത്തൽ.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ശരാശരി 1.4 ശതമാനത്തിന്റെ കുറവാണ് പ്രോപ്പർട്ടി വിലയിൽ സംഭവിച്ചിരിക്കുന്നത്. 2020നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. നിലവിലെ ഈ പ്രവണത വരും മാസങ്ങളിലും തുടരുമെന്നാണു വിലയിരുത്തൽ.
രണ്ടുവർഷത്തിനുള്ളിൽ വീടുകളുടെ വില ശരാശരി ഒമ്പതു ശതമാനം വരെ കുറയുമെന്നാണു സർക്കാർ മുന്നറിയിപ്പുള്ളത്. ഇനിയും അൽപംകൂടി പലിശനിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉയർത്താനുള്ള സാധ്യതയും ഈ രംഗത്തുള്ളവർ തള്ളിക്കളയുന്നില്ല.
പുതുതായി വീടു വാങ്ങുന്നവർക്കു വീടുവില കുറയുന്നത് ആശ്വാസമാണെങ്കിലും ഈ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളവർക്കു വിലയിടിവ് സൃഷ്ടിക്കുന്ന പ്രതിസന്ധി ഏറെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല