സ്വന്തം ലേഖകൻ: കുട്ടിക്കാലത്ത് തന്നെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പരിശീലനം നേടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ. ഖത്തർ സന്ദർശനത്തിനിടെ ബ്രട്ടീഷ് മാധ്യമമായ സണ്ണിന് നൽകിയ അഭിമുഖത്തിലാണ് നാലാമത്തെ മകനായ ഒമർ തന്റെ ജീവിതം വെളിപ്പെടുത്തിയിരിക്കുന്നത്.
താനൊരു ഇരയായിരുന്നുവെന്നും തന്റെ പിതാവിനൊപ്പമുള്ള മോശം സമയത്തേക്കുറിച്ചുള്ള ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണെന്നും അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ ജോലി തുടരാൻ തെരഞ്ഞെടുത്ത മകനാണ് താൻ എന്ന് ലാദൻ നേരത്തെ പറഞ്ഞിരുന്നുവെന്നും ഒമർ പറയുന്നു.
1981ൽ നജ്വാ എന്ന് ഭാര്യയിൽ ബിൻലാദന് ഉണ്ടായ മകനാണ് ഒമർ. സൗദി അറേബ്യയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. സെപ്റ്റംബർ 11 ആക്രമണത്തിന് മാസങ്ങൾക്ക് മുൻപ് 2001 ഏപ്രിലിൽ അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തേക്ക് വരികയായിരുന്നു. 41കാരനായ ഒമർ ഇപ്പോൾ ഫ്രാൻസിലെ നോർമാണ്ടി എന്ന സ്ഥലത്താണ് താമസിക്കുന്നത്.
‘താൻ ഗുഡ് ബൈ പറഞ്ഞു അദ്ദേഹം തിരിച്ചും ഗുഡ് ബൈ പറഞ്ഞു. എനിക്ക് ആ ലോകവുമായുള്ള ബന്ധം അത്രമാത്രമായിരുന്നു. ഞാൻ മടങ്ങിയതിൽ അദ്ദേഹത്തിന് സന്തോഷമുണ്ടായിരുന്നില്ലെന്നും’ ഒമർ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
രാസപരീക്ഷണങ്ങൾ നടത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടിരുന്നുവെന്നും ഒമർ വെളിപ്പെടുത്തുന്നുണ്ട്. അവർ നായകളിൽ രാസായുദ്ധങ്ങൾ പരീക്ഷിച്ചിരുന്നു. എന്നാൽ, തനിക്ക് അതിൽ തൃപ്തിയുണ്ടായിരുന്നില്ലെന്നും ആ മോശം കാലത്തേക്കുറിച്ച് മറക്കാൻ ശ്രമിക്കുകയാണെന്നും ഒമർ പറയുന്നു. അത് വളരെ ബുദ്ധിമുട്ടാണെന്ന് തനിക്കറിയാമെന്നും എന്നും കഷ്ടപ്പെടുകയാണെന്നും പറഞ്ഞു.
ഫ്രാൻസിൽ പുതിയൊരു ജീവിതം നയിക്കുന്ന ഒമർ ഒരു ചിത്രകാരനാണ്. തന്റെ കലകൾ ഒരു ചികിത്സ പോലെയാണ്. അഞ്ച് വർഷക്കാലം ജീവിച്ചതിനാൽ ഓർക്കുന്ന അഫ്ഗാനിലെ പർവതങ്ങളാണ് തന്റെ പ്രിയപ്പെട്ട വിഷയമെന്നും അദ്ദേഹം ഓർക്കുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് 8,500 പൗണ്ട് വരെ വില ഈടാക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ കലകൾ എനിക്ക് സുരക്ഷിതത്വം ഏകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് ഒരിക്കലും അൽ ഖ്വയ്ദയിൽ ചേരാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, തന്റെ കാലശേഷം സംഘടനയെ നയിക്കാൻ തെരഞ്ഞെടുത്ത മകനാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും മകൻ മാധ്യമത്തോട് തുറന്ന് പറഞ്ഞു. കൂടുതൽ ബുദ്ധിമാനായതിനാലാകാം പിൻഗാമിയായി തന്നെ തെരഞ്ഞെടുത്തത് എന്നും ഒമർ പറയുന്നു.
കടുത്ത മാനസിക സമ്മർദ്ദവും പരിഭ്രാന്തിയുമാണ് ഒമർ ഇപ്പോൾ അനുഭവിക്കുന്നത് എന്നാണ് 67 കാരിയായ ഭാര്യ സൈന പറയുന്നത്. ഒമർ ഒസാമയെ ഒരേ സമയം ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്തിരുന്നു. പിതാവായതിനാൽ ഒമർ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, ചെയ്തികൾ കാരണം ഒമർ വെറുക്കുകയും ചെയ്തുവെന്നും ഭാര്യ മാധ്യമത്തോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല