സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി ആരോപിച്ച് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണ് ടെക് ഭീമനായ ആമസോണ്‍. ഇരുപതിനായിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ 10,000 ജീവനക്കാരെ ആമസോണ്‍ ഒഴിവാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കരുതിയിരുന്നതിലും ഇരട്ടിയാളുകള്‍ക്ക് ജോലി നഷ്ടമാകും. വിതരണശൃഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നവര്‍, ടെക്നിക്കല്‍ സ്റ്റാഫുകള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതലായവരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരങ്ങള്‍. വരും മാസങ്ങളിലാകും പിരിച്ചുവിടല്‍ കമ്പനി നടപ്പാക്കുക.
വിവിധ ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജാസി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ എത്ര പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.
അതേസമയം, ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേണിങ് അക്കാദമിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോണ്‍ ഈയടുത്ത് അറിയിച്ചിരുന്നു. രാജ്യത്തെ ഭക്ഷ്യ വിതരണ സേവനമായ ആമസോണ്‍ ഫുഡും നിര്‍ത്തുകയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ഓണ്‍ലൈന്‍ ലേണിങ് അക്കാദമിയാണ് പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷത്തിനുള്ളില്‍ അടച്ചിടാന്‍ ഒരുങ്ങുന്നത്. കോവിഡ് കാലത്ത് വിര്‍ച്വല്‍ ലേണിങ്ങിന് പ്രാധാന്യം ഏറി വന്നപ്പോഴാണ് ആമസോണ്‍ അക്കാദമി ആരംഭിക്കുന്നത്. ജെ.ഇ.ഇ പരീക്ഷകള്‍ക്കുള്ള കോച്ചിങ്ങും ആമസോണ്‍ അക്കാദമി നല്കിവന്നിരുന്നു. ഘട്ടം ഘട്ടമായി പ്രവര്‍ത്തനം നിര്‍ത്താനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലം കഴിഞ്ഞത് മുതല്‍ ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്ഫോമുകളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്. ഇക്കൂട്ടത്തില്‍ മുന്‍നിരയിലുള്ള ബൈജൂസ് 2500 ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം എടുത്തിരുന്നു. മറ്റു പ്രമുഖ ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്ഫോമുകളായ അണ്‍അക്കാദമി, വേദാന്തു, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നിവയുടെയും സ്ഥിതി ഇതുതന്നെയാണ്.
സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരാളിയായിട്ടായിരുന്നു ആമസോണ്‍ ഫുഡ് 2020 ല്‍ ഇന്ത്യയില്‍ സേവനം ആരംഭിച്ചത്. ഡിസംബര്‍ 29 മുതല്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. വര്‍ഷാവസാനം നടക്കുന്ന പദ്ധതി ആസൂത്രണ അവലോകനത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് കമ്പനി കടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല