സ്വന്തം ലേഖകൻ: അടുത്തിടെ പ്രവാസി പണം ഏറ്റവുമധികമെത്തുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. ഭാരതീയ പ്രവാസികളുടെ പണവരവിന്റെ കാര്യത്തിൽ 2022-ൽ അഞ്ച് ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഈ വർഷം അവസാനത്തോടെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 8,000 കോടി ഡോളറാകും. ഇതിന്റെ 25 ശതമാനം അധികമായിരിക്കും പ്രവാസിപ്പണമൊഴുക്കെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2021-നേക്കാൾ 12 ശതമാനം വളർച്ചയോടെ പണമൊഴുക്ക് ചരിത്രത്തിൽ ആദ്യമായി 10,000 കോടി ഡോളർ കടക്കുകുയം ചെയ്തു. പ്രവാസിപ്പണത്തില്‍ ചൈന, മെക്സിക്കോ, ഫിലിപ്പൈൻസ്, ഈജിപ്ത്, എന്നീ രാജ്യങ്ങളെ പിൻതള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്. വിദേശ വിപണിയിലെ ഡോളറിന്റെ ആവശ്യകതയും വിദേശ ഫണ്ടുകളുടെ ഒഴുക്കും നിക്ഷേപകരുടെ തീരുമാനങ്ങളെ സ്വാധീനിച്ചെന്നാണ് ഫോറെക്സ് വ്യക്തമാക്കുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് വീണ്ടും പലിശനിരക്കുകൾ ഉയർത്താനുള്ള സാധ്യത നിക്ഷേപകരെ അമേരിക്കൻ വിപണിയിലേക്ക് ആകർഷിപ്പിക്കുന്നുണ്ട്.
അതേസമയം രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് വിലക്കയറ്റം പോലുള്ള വലിയ പ്രതിസന്ധികളാണ് രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഡോളറിനെതിരെ 82.66 എന്ന നിരക്കിലാണ് രൂപയുടെ ഇന്നത്തെ വ്യാപാരം. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. കഴിഞ്ഞ ദിവസം 82.61ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. വൻതോതിൽ ഡോളർ പുറത്തേക്ക് ഒഴുകുന്നതാണ് രൂപയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് സൂചനയെങ്കിലും അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില കുറയുന്നതാണ് രൂപക്ക് ഗുണകരമാവാന്‍ സാധ്യതയുണ്ട്. അതേസമയം രൂപയുടെ മൂല്യ ഇടിയുന്നത് പതിവ് പോലെ പ്രവാസികള്‍ക്ക് നേട്ടമാവുന്നുണ്ട്.
ബുധനാഴ്ചയിലെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം എഇ ദിർഹത്തിനെതിരെ 22.54 എന്ന നിരക്കിലായിരുന്നു. ഇതോടെ പതിവ് പോലെ പ്രവാസികള്‍ നാട്ടിലേക്ക് പരമാവധി പണം അയക്കാനുള്ള ശ്രമത്തിലാണ്. അതേസമയം അടുത്ത കാലത്തായി ഈ ഉയർന്ന നിരക്ക് ഉള്ളതിനാല്‍ അയക്കുന്ന പണത്തില്‍ വലിയ വർധനവ് ഉണ്ടായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല