സ്വന്തം ലേഖകൻ: ലോകകപ്പ് മത്സരങ്ങൾക്ക് ചൂടേറിയതോടെ ആരാധകർക്കു ടെൻഷനും കൂടി. ഫൈനൽ അടുക്കുന്തോറും വേദികളുടെ എണ്ണവും ചുരുങ്ങി. ലോകകപ്പ് കഴിഞ്ഞാൽ മുഖം മാറുന്ന സ്റ്റേഡിയങ്ങൾ പക്ഷേ ചരിത്രത്തിന്റെ ഭാഗമാകുന്നത് എക്കാലത്തെയും അവിസ്മരണീയമായ മത്സരങ്ങൾക്കു സാക്ഷ്യം വഹിച്ച്.
8 സ്റ്റേഡിയങ്ങളിലാണു മത്സരങ്ങൾ തുടങ്ങിയത്. 32 രാജ്യങ്ങൾ തമ്മിലുള്ള 64 മത്സരങ്ങൾക്കായാണു നീണ്ട 12 വർഷത്തെ തയാറെടുപ്പിലൂടെ രാജ്യത്തിന്റെ അമൂല്യ സൃഷ്ടികളായി 8 വിസ്മയിപ്പിക്കുന്ന സ്റ്റേഡിയങ്ങൾ ഉയർന്നത്. പ്രീ-ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായതോടെ അൽ റയാനിലെ അഹമ്മദ് ബിൻ അലി, അൽ വക്രയിലെ അൽ ജനൂബ്, റാസ് അബു അബൗദിലെ 974 എന്നീ സ്റ്റേഡിയങ്ങളിലെ മത്സരങ്ങളാണു പൂർത്തിയായത്.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം, പ്രീ-ക്വാർട്ടർ ഉൾപ്പെടെ 7 വീതം മത്സരങ്ങൾക്കാണ് ഈ സ്റ്റേഡിയങ്ങൾ സാക്ഷ്യം വഹിച്ചത്. തുടക്കം മുതൽ മത്സരങ്ങളുടെ അവസാനം വരെ ഗാലറി നിറയെ ആരാധകരും. ക്വാർട്ടർ ഫൈനൽ കഴിയുന്നതോടെ അൽതുമാമ, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയങ്ങളിലെ മത്സരങ്ങളും പൂർത്തിയാകും.
ഉദ്ഘാടന വേദിയായിരുന്ന അൽഖോറിലെ അൽ ബെയ്ത്, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, ലുസെയ്ൽ എന്നീ 3 സ്റ്റേഡിയങ്ങളിൽ മാത്രമായി മത്സരങ്ങൾ ചുരുങ്ങും. മത്സരങ്ങൾ അവസാനിക്കുന്നതോടെ മുഖം മാറുന്ന സ്റ്റേഡിയങ്ങൾ വീണ്ടും വിസ്മയങ്ങളാകും. സ്റ്റേഡിയങ്ങൾ മിക്കതും ഷോപ്പിങ് കേന്ദ്രങ്ങളും സ്കൂളുകളും ഹോട്ടലുകളും ഒക്കെയുള്ള കമ്യൂണിറ്റി സെന്ററുകളായും മാറും.
അതേസമയം ഒക്ടോബറിൽ രാജ്യത്തെത്തിയതു 1.80 ലക്ഷം സന്ദർശകർ. 6 വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്.കോവിഡ് മഹാമാരിക്ക് മുൻപുളളതിനേക്കാൾ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. 2017 ഒക്ടോബറിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 32 ശതമാനമാണു വർധന. ഈ വർഷം മാസം തോറും സന്ദർശകരുടെ എണ്ണത്തിൽ ക്രമാനുഗത വർധനവുണ്ടായിട്ടുണ്ട്.
രാജ്യാന്തര സന്ദർശകരുടെ കാര്യത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളാണു മുൻപിൽ-മൊത്തം സന്ദർശകരിൽ 33 ശതമാനം പേർ. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരെ ആകർഷിക്കാൻ പ്രത്യേക പദ്ധതികളും കുടുംബ സൗഹൃദ വിനോദ പരിപാടികളും ഖത്തർ നടപ്പാക്കുന്നുണ്ട്. അതേസമയം ഒക്ടോബറിൽ ജിസിസി ഇതര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സെപ്റ്റംബറിനെക്കാൾ 10 ശതമാനമാണ് വർധന.
66 ശതമാനം പേരും ജിസിസി ഇതര രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ 13 ശതമാനം ഇന്ത്യയിൽ നിന്നാണ്. യുകെയിൽ നിന്നും 4 ശതമാനം പേരും യുഎസ്സിൽ നിന്ന് 3 ശതമാനം പേരുമെത്തി. സന്ദർശകരിൽ 70 ശതമാനം പേരും വ്യോമമാർഗമാണ് രാജ്യത്ത് എത്തിയത്. 29 ശതമാനം പേർ കരമാർഗവും ഒരു ശതമാനം പേർ കടൽമാർഗവുമാണ് എത്തിയത്. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് വീണ്ടും തുറന്നതും പ്രിൻടെംപ്സ് അടക്കമുള്ള ആഡംബര മാളുകളും ഹോട്ടലുകളും തുറന്നതും സന്ദർശകരുടെ എണ്ണം കൂട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല