സ്വന്തം ലേഖകൻ: ലോകകപ്പിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോൾ ഖത്തറിന്റെ ആരോഗ്യമേഖലയ്ക്ക് നൂറിൽ നൂറ് മാർക്ക് നൽകി സന്ദർശകർ. ലോകകപ്പ് കാണാനെത്തിയവരിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടവർക്ക് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) നൽകിയ മികച്ച പരിചരണമാണ് അഭിനന്ദനം പിടിച്ചു പറ്റിയത്. ഹമദ് ജനറൽ ആശുപത്രിയുടെ എമർജൻസി വകുപ്പ്, പീഡിയാട്രിക് എമർജൻസി കേന്ദ്രങ്ങൾ, ആംബുലൻസ് സർവീസ് എന്നിവ സേവനം ആവശ്യപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ മികച്ച പരിചരണം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയില്ല.
പതിവ് രോഗികൾക്ക് പുറമെ ലോകകപ്പ് സന്ദർശകർക്കും തടസമില്ലാത്ത സേവനമാണ് എച്ച്എംസി നൽകുന്നതെന്ന് എമർജൻസി കോർപറേറ്റ് വകുപ്പ് ഡപ്യൂട്ടി ചെയർമാൻ ഡോ.അഫ്താബ് മുഹമ്മദ് ആസാദ് വ്യക്തമാക്കി. ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ആരോഗ്യ സേവനം നൽകുന്നു. ഹയാ കാർഡുള്ളവർക്ക് എച്ച്എംസിയുടെ എമർജൻസി, അർജന്റ് കെയർ സേവനങ്ങൾ സൗജന്യമാണ്.
ഷെയ്ഖ അയിഷ ബിൻത് ഹമദ് അൽ അത്തിയ, അൽ വക്ര എന്നീ ആശുപത്രികളിലും ജനറൽ ആശുപത്രികളായ ഹമദ്, ഹസം മിബൈറീക് എന്നിവിടങ്ങളുമാണ് ലോകകപ്പ് സന്ദർശകർക്ക് സൗജന്യ സേവനം നൽകുന്നത്. 8 ലോകകപ്പ് സ്റ്റേഡിയങ്ങളിലും രാജ്യത്തുടനീളമുള്ള ഫാൻ സോണുകളിലും താമസ കേന്ദ്രങ്ങളിലുമായി നൂറിലധികം മെഡിക്കൽ ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ഡോക്ടർമാരും നഴ്‌സുമാരുമാണ് എച്ച്എംസിയുടെ കീഴിൽ സേവനം നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല