തൊഴിലില്ലായ്മ രൂക്ഷമാകുകയും വരുമാന മാര്‍ഗ്ഗങ്ങള്‍ കുറയുകയും ചെയ്യുന്ന അമേരിക്കയില്‍ ദരിദ്രരുടെ എണ്ണം വീണ്ടും പെരുകി. 15 പേരില്‍ ഒരാള്‍ കടുത്ത ദാരിദ്യ്രത്തിലാണെന്നാണ് പുതിയ സര്‍വേയിലെ കണ്ടെത്തല്‍. ദരിദ്രരുടെ തോതില്‍ മുമ്പ് മുന്നില്‍ നിന്നിരുന്നത് കറുത്തവര്‍ഗക്കാരാണ്.ലാറ്റിനമേരിക്കയില്‍ നിന്നും മറ്റും കുടിയേറിയ സ്പാനിഷ് വംശജര്‍ ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ കറുത്തവര്‍ഗക്കാരെ പിന്തള്ളിയിരിക്കുകയാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടുതല്‍ വര്‍ദ്ധിച്ചു. അതിസമ്പന്നരെ മാത്രമേ സാമ്പത്തികമാന്ദ്യം ബാധിക്കാതിരുന്നുള്ളൂ.
സാമ്പത്തികമാന്ദ്യം താത്കാലികമാണെന്നാണ് പൊതുവേയുള്ള സങ്കല്പം. എന്നാല്‍, ജോലി നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടുത്തകാലത്തൊന്നും ഇല്ലായ്മകളില്‍ നിന്ന് കരകയറാനാവാത്ത സ്ഥിതിയാണെന്ന് സാമ്പത്തികവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.4.62 കോടി ജനങ്ങളാണ് അമേരിക്കയില്‍ ദാരിദ്യ്രരേഖയ്ക്ക് താഴെ കഴിയുന്നത്. ഇവരില്‍ 2.05 കോടി പേര്‍ കടുത്ത ദാരിദ്ര്യത്തിലാണ്.
പ്രതിവര്‍ഷം 5570 ഡോളറില്‍ (2.74 ലക്ഷത്തിലേറെ രൂപ) താഴെ വരുമാനമുള്ളവരെയാണ് അമേരിക്കയില്‍ ദരിദ്രരിലും ദരിദ്രരായി പരിഗണിക്കപ്പെടുന്നത്. ജനസംഖ്യയുടെ 6.7 ശതമാനം വരും കടുത്ത ദരിദ്രര്‍. 35 വര്‍ഷത്തിനു ശേഷം ആദ്യമായാണ് അമേരിക്കയില്‍ കടുത്ത ദരിദ്രരുടെ തോത് ഇത്രയും ഉയരുന്നത്. ദാരിദ്യ്രംമൂലം നഗരങ്ങളില്‍ നിന്ന് നഗരപ്രാന്തങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നു. ഫാക്ടറികളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതാണ് കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല