സ്വന്തം ലേഖകൻ: അറബ് മേഖലയിലെ രാജ്യങ്ങളും ചൈനയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ റിയാദില്‍ നടക്കുന്ന സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ് അറബ്- ചൈന ഉച്ചകോടി ഇന്ന്. ലോകം വളരെ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അറബ് രാഷ്ട്രത്തലവന്മാരും രാഷ്ട്ര പ്രതിനിധികളും ഇന്നലെ മുതല്‍ റിയാദിലെത്തി തുടങ്ങിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമാണ് റിയാദില്‍ ആദ്യം എത്തിയത്. റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ അബ്ദുല്‍ അസീസ്, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്ത്തും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സംഘത്തെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ കുവൈത്ത് കിരീടാവകാശി മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹും റിയാദിലെത്തി.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും ഇന്നലെ തന്നെ റിയാദിലെത്തി. കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ റിയാദ് റീജിയണ്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു. ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതിനിധി സംഘവും ഇന്നലെ റിയാദിലെത്തി. ഇവര്‍ക്കും പുറമെ, യമന്‍, ടുണീഷ്യ, മൗറിറ്റാനിയ, ജിബൂട്ടി, കൊമോറോസ് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരും ലെബനന് പ്രധാനമന്ത്രിയും ഒമാനി ഉപപ്രധാനമന്ത്രിയും റിയാദിലെത്തി. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ന് എത്തിച്ചേരുമെന്നും അധികൃതര്‍ അറിയിച്ചു.
അറബ് രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധങ്ങള്‍ക്ക് ആക്കം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് റിയാദ് അറബ്- ചൈന ഉച്ചകോടിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇരു കക്ഷികളും തമ്മിലുള്ള സാമ്പത്തിക ബന്ധം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്ത്ത് ചൂണ്ടിക്കാട്ടി. 2021 ല്‍ ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം 330 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും അദ്ദേഹം അറിയിച്ചു.
എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനുള്ള സൗദി ഉള്‍പ്പെട്ട ഒപെക് രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്ന് സൗദി- യുഎസ് ബന്ധം വഷളായ സാഹചര്യത്തില്‍ അറബ്- ചൈന ഉച്ചകോടിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. അറബ് മേഖലയിലെ യുഎസ് താത്പര്യങ്ങള്‍ക്ക് അത് വലിയ തിരിച്ചടിയാവുമെന്നാണ് പൊതുവായ വിലയിരുത്തല്‍. അറബ് മേഖലയുമായുള്ള ചൈനയുടെ പ്രതിരോധ സഹകരണ കരാറുകളും അമേരിക്കയ്ക്ക് തിരിച്ചടിയാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല