സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മൻദൗസ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച അർധരാത്രിയോടെ കരതൊട്ടു. മണിക്കൂറിൽ 75 കിലോ മീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ തമിഴ്നാട് തീരംതൊട്ട ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞത് ആശ്വാസമായി.
ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ഇരുന്നൂറോളം മരങ്ങൾ കടപുഴകിയതായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ഗഗൻദീപ് സിങ് ബേദി പറഞ്ഞു. ഇവ മാറ്റാനുള്ള നടപടികൾ രാത്രി തന്നെ ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കാറ്റിൽ കടലിൽ കുടുങ്ങിപ്പോകുന്നവരെ രക്ഷിക്കാനായി തീരദേശ സേനയുടെ 11 സംഘങ്ങളാണുള്ളത്.
മൻദൗസ് ചുഴലിക്കാറ്റിന് മുന്നോടിയായി വീശിയ കാറ്റിലും തുടർന്ന് പെയ്ത മഴയിലും ചെന്നൈയുൾപ്പെടെ കടലോര പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി. വിഴുപുരം, പുതുച്ചേരി, കാഞ്ചീപുരം, ചെന്നൈ തുടങ്ങിയ ജില്ലകളിലെ കടലോര മേഖലകളിലെ വീടുകളിലാണ് വെള്ളം കയറിയത്.
ചെന്നൈയിൽ പട്ടിനപ്പാക്കത്തെ വീടുകളിൽ വെള്ളം കയറി. പല കുടിലുകൾക്കും കേടുപാടുകൾ പറ്റി. കടലോര മേഖലകളിൽ കുടിലുകളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ചു. വിഴുപുരത്ത് മരക്കാനം, കോട്ടക്കുപ്പം പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമായി. നിരവധി വീടുകളിലേക്ക് വെള്ളം കയറി. ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
വിഴുപുരം ജില്ലയിൽ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന 90 ഗ്രാമങ്ങളുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെത്തുടർന്ന് കാറ്റിന്റെ വേഗം കൂടിയതിനാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയിട്ടില്ല. മഹാബലിപുരത്ത് വീശിയ കനത്തകാറ്റിൽ കരയോരങ്ങൾ ഇടിഞ്ഞു. ചെങ്കൽപ്പെട്ട് ജില്ലയിൽ കടലോര മേഖലകളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. നാഗപട്ടണത്ത് കടലേറ്റത്തിൽ കടലോര മേഖലകളിലെ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന 12 ഗ്രാമങ്ങളിൽ വെള്ളം കയറി. തിരുനെൽവേലിയിൽ തീരദേശത്ത് കടൽ ഉൾവലിഞ്ഞു. ശക്തമായ കാറ്റിനൊപ്പം മഴയും പെയ്യുന്നതിനാൽ കടലോര ജില്ലകൾ ഭീതിയിലാണ്.
മാൻഡോസ് ചുഴലിക്കാറ്റ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാറ്റിന്റെ വേഗം കൂടിയതിനാൽ ചെന്നൈയിൽനിന്ന് വെള്ളിയാഴ്ച ഉച്ചമുതൽ രാത്രിവരെ സർവീസ് നടത്തേണ്ട 25 വിമാനം റദ്ദാക്കി. തിരുവനന്തപുരം, കൊളംബോ, ഗുവാഹാട്ടി, കോയമ്പത്തൂർ, പോർട്ട്‌ബ്ലെയർ, തിരുച്ചിറപ്പള്ളി, സിലിഗുഡി കൊച്ചി, ഡൽഹി, ബെംഗളൂരു, ധാക്ക, ജയ്‌പുർ എന്നിവിടങ്ങളിലേക്ക് പോകുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല