ചൊവ്വാഗ്രഹ യാത്രയില്‍ മനുഷ്യനുണ്ടാകുന്ന ശാരീരിക-മാനസിക പ്രത്യാാഘാതങ്ങള്‍ പഠിക്കുന്നതിനു പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 520 ദിവസങ്ങള്‍ മോസ്കോയിലെ ഗവേഷണകേന്ദ്രത്തിലെ പേടകത്തില്‍ കഴിഞ്ഞ ആറംഗ രാജ്യാന്തര സംഘം ഇന്നലെ പൂര്‍ണ ആരോഗ്യവാന്‍മാരായി പുറത്തിറങ്ങി. ചൊവ്വായിലേക്കും അവിടെനിന്നു തിരിച്ചുമുള്ള യാത്രയ്ക്കെടുക്കുന്ന ദൈര്‍ഘ്യവും സാഹചര്യങ്ങളും അനുകരിച്ചായിരുന്നു പരീക്ഷണം. 2010 ജൂണ്‍ മൂന്നിന് പേടകത്തില്‍ അടയ്ക്കപ്പെട്ട ഇവര്‍ക്ക് പുറംലോകവുമായി യാതൊരുവിധ ബന്ധവുമില്ലായിരുന്നു.
ചൈന, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍നിന്ന് ഓരോ ആള്‍ വീതവും റഷ്യയില്‍നിന്നു മൂന്നു പേരുമായിരുന്നു പരീക്ഷണത്തില്‍ പങ്കെടുത്തത്. എല്ലാവരും പുരുഷന്‍മാരായിരുന്നു. ഒന്നര വര്‍ഷത്തെ പരീക്ഷണത്തിനു പ്രതിഫലമായി ഓരോരുത്തര്‍ക്കും ഒരു ലക്ഷം യുഎസ് ഡോളര്‍ വീതം ലഭിക്കും.
ഇന്നലെ പേടകത്തിന്റെ സീല്‍ പൊട്ടിച്ച് വാതില്‍ തുറന്നതോടെ നീല വേഷം ധരിച്ച ആറു പേരും ഓരോരുത്തരായി പുറത്തിറങ്ങി. വെള്ള വസ്ത്രം ധരിച്ച യുവതികളായ ഗവേഷകര്‍ പൂക്കള്‍ നല്കി സ്വീകരിച്ചു. കുടുംബാംഗങ്ങളും ശാസ്ത്രജ്ഞരും ആഹ്ളാദത്തോടെ വരവേറ്റു. ഇവരെ ഇനി മോസ്കോയിലെ ബയോമെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കും.
ചൊവ്വായിലേക്കു മനുഷ്യനെ അയയ്ക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാന പരീക്ഷണമാണ് ഇതോടെ പൂര്‍ത്തിയായത്. ചൊവ്വായിലേക്കും തിരിച്ചുമുള്ള യാത്രയിലെ ഏകാന്തതയെ അതിജീവിക്കാന്‍ മനുഷ്യനു കഴിയുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ഹ്യൂമന്‍ ലൈഫ് സയന്‍സ് സ്പെഷലിസ്റായ പാട്രിക് സണ്‍ബ്ളാഡ് പറഞ്ഞു.
രാജ്യാന്തരസംഘം 520 ദിവസം നീണ്ട ദൌത്യം പൂര്‍ത്തിയാക്കിയെന്നായിരുന്നു പേടകത്തിനു പുറത്തിറങ്ങിയ റഷ്യന്‍ സ്വദേശി കമാന്‍ഡര്‍ അലക്സി സിറ്റ്യോവിന്റെ പ്രതികരണം. എല്ലാവരും പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവേഷണപദ്ധതിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നുവെന്ന് അവസാനം പുറത്തിറങ്ങിയ ഇറ്റലിക്കാരന്‍ ഡിയഗോ ഉര്‍ബിന പറഞ്ഞു. 520 ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ തിരിച്ചെത്തിയെന്നായിരുന്നു ചൈനക്കാരന്‍ വാംഗ് യുവേ കൂട്ടിച്ചേര്‍ത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല