1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2022

സ്വന്തം ലേഖകൻ: വിജയകരമായി പുരോഗമിക്കുന്ന ഫിഫ ലോകകപ്പ് കഴിയുന്നതോടെ വലിയ കുതിച്ചു ചാട്ടമാണ് ഖത്തര്‍ ടൂറിസം രംഗത്ത് പ്രതീക്ഷിക്കുന്നത്. ഫിഫ ലോകകപ്പിലൂടെ ലോകത്തിന് മുമ്പില്‍ തുറന്നിട്ട വാതിലുകള്‍ ഇനി അടക്കേണ്ടി വരില്ലെന്ന കണക്കുകൂട്ടലിലാണവര്‍. ആഗോള വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ആക്ഷന്‍ പാക്ക്ഡ് കലണ്ടറുമായി ഖത്തര്‍ ടൂറിസം രംഗത്തെത്തിയതും വെറുതെയല്ല.

ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി പരിപാടികളാണ് 2023 ല്‍ സന്ദര്‍ശകര്‍ക്കായി ഖത്തര്‍ ടൂറിസം ഒരുക്കിവച്ചിരിക്കുന്നത്. എഎഫ്സി ഏഷ്യന്‍ കപ്പ്, ഫോര്‍മുല 1, ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ, എക്സ്പോ 2023 ദോഹ എന്നിവ ഉള്‍പ്പെടെ ഏകദേശം 300 ദിവസത്തെ ഇവന്റുകളാണ് 2023 നായി സജ്ജമാക്കിയിരിക്കുന്നതെന്ന് ഖത്തര്‍ ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബെര്‍ത്തോള്‍ഡ് ട്രെങ്കല്‍ പറഞ്ഞു.

ഫോര്‍മുല വണ്‍ ടൂര്‍ണമെന്റിന് 2023 ല്‍ ഖത്തര്‍ വീണ്ടും ആതിഥേയത്വം വഹിക്കും. ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ അടുത്ത വര്‍ഷം ജനീവയിലല്ല, ഇവിടെ ഖത്തറിലായിരിക്കും നടക്കുക. ഖത്തറിലെ ലോകോത്തര സ്റ്റേഡിയങ്ങളിലാണ് എഎഫ്സി ഏഷ്യന്‍ കപ്പ് നടക്കുക. എക്സ്പോ 2023 ദോഹയും ആറ് മാസം നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍മുല വണ്‍ മത്സരങ്ങള്‍ ഒക്ടോബര്‍ ആറു മതുല്‍ എട്ടുവരെ സെൈസയില്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കും.

2023 സീസണില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ആറ് എഫ്1 സ്പ്രിന്റ് റേസുകളില്‍ ഒന്നിന് ജനപ്രിയ റേസ്ട്രാക്ക് ആതിഥേയത്വം വഹിക്കും. അസര്‍ബൈജാന്‍ (ബാക്കു സിറ്റി സര്‍ക്യൂട്ട്), ഓസ്ട്രിയ (റെഡ് ബുള്‍ റിംഗ്), ബെല്‍ജിയം (സ്പാഫ്രാങ്കോര്‍ ചാമ്പ്സ്), ഖത്തര്‍ (ലുസൈല്‍), യുണൈറ്റഡ് സ്റ്റേറ്റ്സ് (സര്‍ക്യൂട്ട് ഓഫ് ദ അമേരിക്കസ്), സാവോ പോളോ (ഇന്റര്‍ ലാഗോസ്) എന്നിവിടങ്ങളിലാണ് സ്പ്രിന്റ് റേസുകള്‍ നടക്കും. ലുസെയില്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്, 5.38 കിലോമീറ്റര്‍ ട്രാക്കില്‍ 2021 ല്‍ ഫോര്‍മുല വണ്‍ നടത്തിയിരുന്നുവെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ കാരണം 2022 മതസരം നടന്നിരുന്നില്ല.

1988, 2011 എഡിഷനുകള്‍ക്ക് ശേഷം നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ മൂന്നാം തവണയും എഎഫ്സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കും. ലോകകപ്പ് പോലെ തന്നെ നാല് വര്‍ഷം കൂടുമ്പോഴാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററും നഗരത്തിലെ മറ്റ് ശ്രദ്ധേയമായ സ്ഥലങ്ങളും 2023 ഒക്ടോബര്‍ 5 മുതല്‍ 14 വരെ ഖത്തറിന്റെ പ്രഥമ ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയ്ക്ക് ആതിഥേയത്വം വഹിക്കും. ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരുന്ന ഇത്തരത്തിലുള്ള ആദ്യത്തെ മോട്ടോര്‍ ഷോ ആയി ഇത് മാറുമെന്നും ഖത്തര്‍ ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അറിയിച്ചു.

ലോകകപ്പിന് ശേഷം ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഇവന്റായ എക്സ്പോ 2023 ദോഹ 2023 ഒക്ടോബര്‍ രണ്ടു മുതല്‍ 2024 മാര്‍ച്ച് 28 വരെ ആറ് മാസം നീണ്ടുനില്‍ക്കും. ഇത് മൂന്ന് ദശലക്ഷത്തിലധികം ആളുകളെ ആകര്‍ഷിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 80 ലധികം രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഗവേഷണങ്ങളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ പ്രദര്‍ശനവും 2023 ലെ സുപ്രധാന ടൂറിസം ആകര്‍ഷണമായി മാറുമെന്നും സിഒഒ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.