
സ്വന്തം ലേഖകൻ: ബന്ധങ്ങൾ കെട്ടിപ്പെടുക്കുന്നതിലും നിലനിർത്തുന്നതിലും സ്മാർട്ട്ഫോണുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ ഇങ്ങനെ കെട്ടിപ്പെടുക്കുന്ന ബന്ധങ്ങൾ തകർക്കുന്നതിലും സ്മാർട്ട്ഫോൺ തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിവാഹിതരായ ഇന്ത്യൻ ദമ്പതിമാരിൽ 88 ശതമാനം പേരും സ്മാർട്ട്ഫോൺ തങ്ങളുടെ കുടുംബജീവിതത്തിന് വെല്ലുവിളിയാണെന്ന് വിശ്വസിക്കുന്നതായി ഏറ്റവും ഒടുവിലായി പുറത്തുവന്ന ഒരു പഠനം സൂചിപ്പിക്കുന്നു.
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ ആണ് ഈ പഠനം സംഘടിപ്പിച്ചത്. വിവാഹിതരായ 10 ദമ്പതികളിൽ 8 പേരുടെയും ബന്ധത്തെ സ്മാർട്ട്‌ഫോൺ ആസക്തി ബാധിക്കുന്നുവെന്ന് വിവോയുടെ പഠനം വെളിപ്പെടുത്തുന്നു. ദാമ്പത്യ ജീവിതത്തിലെ എല്ലാ അസ്വാരസ്യങ്ങളുടെയും മൂല കാരണം പങ്കാളിയുടെ അമിത സ്മാർട്ട്ഫോൺ ഉപയോഗമാണെന്ന് 88 ശതമാനം പേരും പറയുന്നു.
സൈബർ മീഡിയ റിസർച്ച് എന്ന സ്ഥാപനവുമായി ചേർന്ന് വിവോ നടത്തുന്ന പഠനത്തിന്റെ നാലാം പതിപ്പായ സ്വിച്ച് ഓഫ് എന്ന പഠന പ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദാമ്പത്യ ബന്ധത്തിൽ സ്മാർട്ട്ഫോൺ ചെലുത്തുന്ന സ്വാധീനം എന്നതായിരുന്നു ഇത്തവണത്തെ പഠന വിഷയം. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെ വിവാഹിതരിൽ നടത്തിയ സർവേയ്ക്ക് ശേഷമായിരുന്നു പഠന റിപ്പോർട്ട് തയാറാക്കിയത്.
അമിത സ്മാർട്ട്ഫോൺ ഉപയോഗം പങ്കാളിയുടെ സ്വഭാവത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അതുമൂലം ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ് പഠനത്തിൽ പ്രധാനമായും കേന്ദ്രീകരിച്ചത്. പങ്കാളിയുമൊത്ത് സമയം ചിലവഴിക്കുന്ന അവസരങ്ങളിൽപ്പോലും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതായി സർവേയിൽ പങ്കെടുത്തവരിൽ 66 ശതമാനം പേർ സമ്മതിച്ചു. സ്മാർട്ട്ഫോൺ ഉപയോഗം മൂലം പങ്കാളിയുമായുള്ള തങ്ങളുടെ ബന്ധത്തിൽ പ്രശനങ്ങൾ രൂപപ്പെട്ടായും 66 ശതമാനം ആളുകൾ വ്യക്തമാക്കി.
സംസാരത്തെപ്പോലും തടസപ്പെടുത്തുന്ന സ്മാർട്ട്ഫോൺ
ഏറ്റവും പ്രിയപ്പെട്ടവർ എത്ര ദൂരെയാണെങ്കിലും അവരുമായുള്ള ബന്ധം ഏറ്റവും സ്നേഹത്തോടെ നിലനിർത്തിപ്പോകാൻ സ്മാർട്ട്ഫോണുകൾ നൽകുന്ന സഹായം ചെറുതല്ല. എന്നാൽ വിവാഹിതരായി ഒന്നിച്ച് കഴിയുന്നവരുടെ കാര്യത്തിലേക്ക് വന്നാൽ ഇരുവർക്കും തമ്മിൽ പരസ്പരം സംസാരിക്കാൻ കഴിയാതിരിക്കുന്നതിൽ വില്ലൻ സ്ഥാനത്ത് നിൽക്കുന്നതും ഈ സ്മാർട്ട്ഫോൺ തന്നെയാണ്.
പങ്കാളി പറയുന്ന വാക്കുകൾക്ക് ചെവി നൽകാതെ അമിതമായി സ്മാർട്ട്ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് പഠനം പറയുന്നു. ഇണയുമായി കൂടുതൽ സമയം ചെലവഴിക്കാനാണ് പങ്കാളികളിൽ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. എന്നാൽ ഇവരുടെ പങ്കാളികളാകട്ടെ ഇത് മനസിലാക്കാതെയും മനസിലാക്കിയാലും പരിഗണന നൽകാതെയും സ്മാർട്ട്ഫോൺ ഉപയോഗത്തിൽ മുഴുകുന്നു എന്നാണ് പരാതി. സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുമ്പോൾ പങ്കാളി തടസ്സപ്പെടുത്തിയാൽ പ്രകോപിതരാകുമെന്ന് 70 ശതമാനം പേർ സർവേയിൽ സമ്മതിക്കുന്നുണ്ട്.
സർവേയിൽ പങ്കെടുത്തവരിൽ 88 ശതമാനം പേർ സ്മാർട്ട്ഫോൺ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി തിരിച്ചറിയുന്നവരും അതിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവരുമാണ്. അതിനായി സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കാൻ തയാറാണെന്നും ഇവരിൽ ഒരു വിഭാഗം പറയുന്നു. കിട്ടുന്ന ഒഴിവു സമയം പങ്കാളിയോട് സംസാരിക്കാൻ ചെലവഴിക്കണമെന്ന് 90 ശതമാനം പേരും മനസുകൊണ്ട് ആഗ്രഹിക്കാറുണ്ടെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
ഇന്നത്തെ ജീവിതത്തിൽ ഒരു സ്മാർട്ട്ഫോണിന്റെ പ്രാധാന്യം തർക്കമില്ലാത്തതാണ്, എങ്കിലും ഉപയോക്താക്കൾ ജാഗ്രത പാലിക്കേണ്ട ഒരു മേഖലയായി അമിത സ്മാർട്ട്ഫോൺ ഉപയോഗം നിലനിൽക്കുന്നു എന്ന് പഠനത്തെ കുറിച്ച് പ്രതികരിച്ച വിവോ ഇന്ത്യയുടെ ബ്രാൻഡ് സ്ട്രാറ്റജി മേധാവി യോഗേന്ദ്ര ശ്രീരാമുല പറഞ്ഞു. ഉത്തരവാദപ്പെട്ട ഒരു ബ്രാൻഡ് എന്ന നിലയിൽ പ്രിയപ്പെട്ടവരുമായി സമയം ചെലവിടേണ്ടതിന്റെ പ്രാധാന്യത്തെ അടിവരയിടാനാണ് തങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല