1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2022

സ്വന്തം ലേഖകൻ: ഫിഫാ ലോകകപ്പ് ആവേശത്തിലാണ് ഖത്തർ അടങ്ങുന്ന പശ്ചിമേഷ്യൻ രാജ്യങ്ങൾ. കോവിഡ് 19 ഭീതി ഒഴിഞ്ഞതോടെയാണ് ഫുട്ബോൾ ആവേശം ഇരട്ടിയായത്. അതേസമയം, ഈ ആഘോഷങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ് ഖത്തറിൽ നിന്നുള്ള പുതിയ വൈറസ് വ്യാപനം. മിഡിൽ ഈസ്റ്റ് റെസ്പറേറ്ററി സിൻണ്ട്രോം (മെഴ്സ്-കോവ്) മൂലമുണ്ടാകുന്ന അണുബാധയാണ് ഇപ്പോൾ ആശങ്കയാകുന്നത്. പൊതുവെ ക്യാമൽ ഫ്ലൂ അഥവാ ഒട്ടകപ്പനി എന്നാണ് ഈ അണുബാധ അറിയപ്പെടുന്നത്.

വൈറസ് ബാധയുടെ വാർത്തകൾ പുറത്തുവന്നതോടെ പല രാജ്യങ്ങളും മടങ്ങിവരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓസ്ട്രേലിയൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി പൗരന്മാരോട് തിരികെ മടങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഖത്തറിൽ നിന്ന് മടങ്ങുന്ന ആരാധകർ മെർസിനെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും നിർദ്ദേശമുണ്ട്. ശുചിത്വശീലങ്ങൾ പാലിക്കണമെന്നും ഒട്ടകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. വേവിക്കാത്തതും പാസ്ചറൈസ് ചെയ്യാത്തതുമായ മാംസം കഴിക്കുന്നത് ഒഴിവാക്കിക്കൊണ്ട് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കുമെന്നും നിർദ്ദേശിക്കുന്നു.

യുകെ ആരോഗ്യ സുരക്ഷാ സേനയും പൗരന്മാർക്ക് സമാനമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വൈറസ് ബാധയുള്ള ആളുകൾക്ക് പനിയും ശ്വാസതടസവും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്. അതേസമയം, ഖത്തർ ഇത്തരത്തിലുള്ള രോഗങ്ങൾ വ്യാപിക്കാതിരിക്കാൻ കൃത്യമായ ആരോഗ്യ സംവിധാനങ്ങൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രോഗബാധ വ്യാപിക്കാതിരിക്കാൻ പ്രത്യേക പഠനം തന്നെ നടത്തിയിട്ടുണ്ട്.

മേഴ്സ് കോവ് (MERS-COV) എന്നറിയപ്പെടുന്ന വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂനോട്ടിക് വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ഡ്രോമെഡറി ഒട്ടകങ്ങളിലെ അണുബാധയാണ് മേഴ്സ് കോവ്.

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് സാധ്യമാണെന്നതാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. സമ്പർക്കത്തിലൂടെയാണ് പ്രധാനമായും രോഗബാധയുണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഡബ്ലിയുഎച്ച്ഒയിൽ (WHO) റിപ്പോർട്ട് ചെയ്യപ്പെട്ട മെർസ് കേസുകളിൽ 35 ശതമാനവും മരിച്ചതായി കണക്കാക്കപ്പെടുന്നത്.

ആഗോളതലത്തിൽ വൈറസ് ബാധ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതോടെയാണ് വിവിധ രാജ്യങ്ങൾ നിർദ്ദേശങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. യുകെഎച്ച്എസ്എ ഡാറ്റ അനുസരിച്ച് 2,600 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 2012 ഏപ്രിൽ മുതൽ 2022 ഒക്ടോബർ വരെ 935 മരണങ്ങളും ഈ വൈറസ് ബാധ കാരണമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

കോവിഡ് രോഗബാധയേക്കാൾ അപകടകാരിയാണെന്ന് കണക്കാക്കുന്ന ഒട്ടകപ്പനി 2012 സൗദി അറേബ്യയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രധാന രോഗലക്ഷണം. ചില സാഹചര്യങ്ങളിൽ രോഗിക്ക് ന്യുമോണിയ ബാധയ്ക്കും സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കാത്ത സാഹചര്യങ്ങളും നിരവധിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.