സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനം തടയുന്നതിനും ഊർജ ഉപയോഗം കുറക്കുന്നതിനും മിക്ക രാജ്യങ്ങളും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. ജനങ്ങളിൽ ആരോഗ്യകരമായ ജീവിത രീതി വളർത്തിയെടുക്കുന്നതിന് വ്യത്യസ്തമായ ഒരു മാർഗവുമായി രംഗത്തെത്തിയിരിക്കയാണ് റുമേനിയ. പ്രാദേശിക പൊതുഗതാഗതം ഉപയോഗിക്കാൻ ജനങ്ങളെ പ്രോൽസാഹിപ്പിക്കാൻ വേണ്ടിയുമാണ് ഈ സൂത്രം.
ഒരാൾ 20 തവണ സ്ക്വാട്സ് ചെയ്യാൻ തയാറാണെങ്കിൽ സൗജന്യമായി ബസ്‍യാത്ര നടത്താമെന്നാണ് ഓഫർ. ഇതിനായി ഒരു പ്രത്യേക ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. ഈ ബൂത്തിൽ കാമറയും ഇൻസ്റ്റാൾ ചെയ്ത മെഷീനുമുണ്ട്. ആളുകൾ സ്ക്വാട്സ് ചെയ്യുന്ന മുറക്ക് അതിന്റെ എണ്ണം ഡിസ് പ്ലെയിൽ തെളിഞ്ഞുകാണും. 20 എണ്ണം പൂർത്തിയായാൽ സൗജന്യ യാത്രക്കുള്ള ബസ് ടിക്കറ്റും യന്ത്രത്തിൽ നിന്ന് ലഭിക്കും.
ഇങ്ങനെ ഒരു സ്ത്രീ സ്ക്വാട്സ് ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കയാണ് അലീന ബിഴോൽകിന എന്ന യുവതി. കുറഞ്ഞ സമയം കൊണ്ട് നിരവധി പേരാണ് വിഡിയോ കണ്ടത്. ജനങ്ങളുടെ ആരോഗ്യം വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ നിരവധി പേർ ശ്ലാഘിച്ചിട്ടുണ്ട്. ആരോഗ്യ ടിക്കറ്റ് എന്നാണ് ഈ സൗജന്യ യാത്ര ടിക്കറ്റിനെ പറയുന്നത്. രണ്ടുമിനിറ്റ് കൊണ്ട് യാത്രക്കാർ 20 സ്ക്വാട്സ് പൂർത്തിയാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല