സ്വന്തം ലേഖകൻ: ‘സ്കൂള്‍ വിട്ടാല്‍ നേരേ പോകുക ബീഡി തെറുക്കാനാണ്. ഇരുട്ടുന്നതുവരെ ആ പണിയെടുക്കും. കോളേജില്‍ പഠിക്കുമ്പോള്‍ കല്‍പ്പണിക്കിറങ്ങി. സിമിന്റും മണ്ണും ചുമന്നിട്ടുണ്ട്. നിയമത്തിന് പഠിക്കുമ്പോള്‍ ഹോട്ടല്‍ കഴുകുന്ന ജോലി. പാതിരാത്രി വരെ നീളുന്ന അധ്വാനം. ഒന്നും വെറുതെയായില്ല…’ -അമേരിക്കയില്‍ ജില്ലാ ജഡ്ജിയായ സുരേന്ദ്രന് കെ.പട്ടേലിന്റെ വൈകാരികപ്രസംഗത്തില്‍ അഭിഭാഷകരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ 240-ാം ജില്ലാ കോടതിയിലെ ജഡ്ജിയായി നിയമനം ലഭിച്ചശേഷം നാട്ടിലെത്തിയ അദ്ദേഹത്തിന് ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന് നല്കിയ സ്വീകരണത്തിലാണ് തന്റെ ജീവിതാനുഭവം വിവരിച്ചത്. ‘സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചും മരച്ചുവട്ടിലിരുന്ന് വായിച്ചും കഴിഞ്ഞ നാളുകള്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബീഡിതെറുക്കാന്‍ തുടങ്ങിയത്. പത്താംതരം കഷ്ടിപ്പാസ് ആയിരുന്നു.
അടുത്ത വര്‍ഷം പഠിക്കാന്‍ പോയില്ല. പൂര്‍ണസമയ ബീഡിതെറുപ്പുകാരനായി. പിന്നീട് എളേരിത്തട്ട് കോളേജില്‍ പ്രീഡിഗ്രിക്കും പയ്യന്നൂര്‍ കോളേജില്‍ ബിരുദത്തിനും പഠിക്കുന്ന കാലം നാടന്‍പണിക്കിറങ്ങി. എല്‍എല്‍.ബി.ക്ക് കോഴിക്കോട് ലോ കോളേജില്‍ പഠിക്കുമ്പോള്‍ ഹോട്ടല്‍ തൊഴിലാളിയായി. പാതിരാത്രിയോളം നീണ്ട പണി. പാത്രം കഴുകണം, ഹോട്ടല്‍ കഴുകണം.
എല്‍എല്‍.ബി. കഴിഞ്ഞെത്തിയത് കാഞ്ഞങ്ങാട്ടെ അപ്പുക്കുട്ടന് വക്കീലിന്റെ ഓഫീസിലേക്ക്. അദ്ദേഹത്തിന്റെ ജൂനിയറായി പ്രവര്‍ത്തിക്കുന്നതിനിടെ കല്യാണം കഴിഞ്ഞു. ഭാര്യ ശുഭയ്ക്ക് ന്യൂഡല്‍ഹിയില്‍ നഴ്സായി ജോലി കിട്ടിയപ്പോള്‍ അഭിഭാഷകജീവിതം തലസ്ഥാനത്തേക്കു മാറ്റി.
സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്തു. ഭാര്യക്ക് അമേരിക്കയില്‍ ജോലികിട്ടിയപ്പോള്‍ അങ്ങോട്ട് പോയി. അവിടെ പലചരക്കുകടയില്‍ ജോലിക്കാരനായി. അതിനിടയില്‍ അഭിഭാഷക ലൈസന്‍സിങ് പരീക്ഷയെഴുതി. പിന്നീട് എല്‍എല്‍.എം. ജയിച്ചു. ജില്ലാ ജഡ്ജിയാകാന്‍ അവിടെ ജനകീയ വോട്ടെടുപ്പാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മത്സരിച്ച് പ്രാഥമിക റൗണ്ടില്‍ സിറ്റിങ് ജഡ്ജിയെ തോല്‍പ്പിച്ചു. തുടര്‍ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ജില്ലാ ജഡ്ജിയായി…’ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ് താനെന്നും സുരേന്ദ്രന് പറഞ്ഞു.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് എന്‍.രാജ്മോഹന്‍ അധ്യക്ഷനായി. ന്യായാധിപരായ സി.സുരേഷ്കുമാര്‍, എം.സി.ആന്റണി, എസ്.എ.സജാദ്, അഭിഭാഷകരായ സി.കെ.ശ്രീധരന്, പി.അപ്പുക്കുട്ടന്, പി.കെ.സതീശന്, ഇ.കെ.നസീമ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല