
സ്വന്തം ലേഖകൻ: ഫിഫ ഫാൻ ഫെസ്സ് കേന്ദ്രമായ അൽ ബിദയിലേക്കുള്ള മെട്രോ ട്രെയിൻ നിറയെ വളണ്ടിയർമാർ. എട്ട് സ്റ്റേഡിയങ്ങളിലും എയർപോർട്ടിലും ഫാൻ സെൻററിലുമൊക്കെയായി ഡ്യൂട്ടിയിലുള്ള 20,000 വളണ്ടിയേർസ് ഒറ്റ ബാനറിൽ അണിനിരക്കുന്നു. മെട്രോ മുതൽ വളണ്ടിയേർസിൻ്റെ ജഴ്സിയിൽ ഒരു സമ്മേളന നഗരിയിലെന്നോണം നടന്നു നീങ്ങുന്ന വളണ്ടിയർ കൂട്ടം മനോഹരമായ കാഴ്ചയായിരുന്നു.
ഇവിടെയെത്തിയ വളണ്ടിയർമാർക്ക് ഒരിക്കലും മറക്കാത്ത അനുഭവങ്ങൾ സമ്മാനിച്ചാണ് കളിയൊഴിഞ്ഞ വ്യാഴാഴ്ച കടന്നു പോയത്. കാരണം വളണ്ടിയർ യൂനിഫോമിൽ സ്റ്റേജിലെത്തിയഫിഫ പ്രസിഡൻ്റിൻ്റെ പ്രസംഗം ഹൃദയഹാരിയായിരുന്നു. ലോകകപ്പിൻെറ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു കൂടി ചേരൽ സാധ്യമായത് കാരണം ഇവിടെ ഈ ചെറിയ പ്രദേശത്ത് തന്നെയുള്ള എട്ടോളം സ്റ്റേഡിയങ്ങൾ തന്നെയാണ് –
മുൻ ലോകകപ്പുകളിലൊക്കെ ഇത്തരം വളണ്ടിയർ ആഘോഷ ചടങ്ങുകൾ കിലോമീറ്ററുകൾക്കിടയിലുള്ള ഓരോ സിറ്റികൾ കേന്ദ്രീകരിച്ചായത് കൊണ്ട് തന്നെ മുഴുവൻ വളണ്ടിയർമാർക്കും ഒന്നായി കാണാൻ കഴിയുക എന്നുള്ളത് അസാധ്യമായിരുന്നു. ചടങ്ങിൽ സംസാരിച്ച ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻറിനോ ഫിഫ ലോകകപ്പ് ഖത്തർ 2022 വോളണ്ടിയർമാരെ ‘ടൂർണമെൻറിൻെറ ഹൃദയവും ആത്മാവും’ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിൻെറ വാക്കുകൾക്ക് നിറഞ്ഞ കയ്യടിയാണ് തിങ്ങി നിറഞ്ഞ സദസ്സ് തിരിച്ചു നൽകിയത്.
വളണ്ടിയർമാരുമൊത്ത് വിവിധ ആംഗിളുകളിൽ സെൽ സ്ഥികളെടുത്തും അദ്ദേഹം താരമായി. ‘നിങ്ങളെല്ലാം എക്കാലത്തെയും മികച്ച ലോകകപ്പ് വളണ്ടിയർമാരാണ്. നിങ്ങൾ ലോകകപ്പിൻെറ ഹൃദയവും ആത്മാവുമാണ്, ഏറ്റവും പ്രധാനമായി, നിങ്ങൾ ലോകകപ്പിൻെറ മുഖവും പുഞ്ചിരിയുമായാണ് ഗണിക്കപ്പെടുന്നത്. ഈ അത്ഭുതകരമായ ലോകകപ്പിന് ആളുകൾ വരുമ്പോൾ ആദ്യം കാണുന്ന വ്യക്തിയും അവർ പോകുമ്പോൾ അവസാനമായി കാണുന്ന വ്യക്തിയും നിങ്ങളാണ്.
നിങ്ങളുടെ പുഞ്ചിരി ഈ ലോകകപ്പ് എക്കാലത്തെയും മികച്ചതാക്കി മാറ്റുന്നു. എൻെറ ഹൃദയത്തിൻെറ അടിത്തട്ടിൽ നിന്ന്, ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരിൽ നിന്നും, നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി. നിങ്ങൾ അതിശയകരമാണ്’- അദ്ദേഹത്തിൻെറ ഈ വാക്കുകൾ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ മൂവായിരം ഇൻറർനാഷണൽ വളണ്ടിയേർസിനും 17,000 തദ്ദേശീയരായ മലയാളികളടക്കമുള്ളവർക്കും കുറച്ചൊന്നുമല്ല അഭിമാനബോധവും ആഹ്ലാദവുമുണ്ടാക്കിയത്.
ഇത് അസാധാരണമാണെന്നും ചരിത്രപരമാണെന്നും നിങ്ങൾ മറ്റൊന്നും പോലെ ചരിത്രത്തിൻെറ ഭാഗമാണെന്നും നിങ്ങൾ ഓരോരുത്തരും ആളുകളുടെ ഹൃദയത്തിലും മനസ്സിലും ഓരോ നന്മയുടെ വിത്ത് പാകിയിരിക്കുന്നുവെന്നും, അർപ്പണബോധമുള്ള പരിശ്രമം ശാലികളായ വിയർപ്പും കണ്ണീരും ഖത്തറിന് സമർപ്പിച്ചവരാണെന്നും നിങ്ങളിൽ ഓരോരുത്തരും ചരിത്രം സൃഷ്ടിച്ചുവെന്നും ചടങ്ങിൽ സംസാരിച്ച സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയും കൂട്ടിച്ചേർത്തു,
ഖത്തറിൻെറ പ്രശസ്തനായ അവതാരകൻ ഹമദ് അൽ അമാരി യുടെ രസകരമായ അവതരണ മികവ് പരിപാടിക്ക് മിഴിവേകുന്നതായിരുന്നു, ലാറ്റിനമേരിക്കൻ വളണ്ടിയേർസിൻ്റെ ‘വി ലവ് ഖത്താർ’ വിളികളോടെ മാനവിക സൗഹൃദത്തിൻെറ അനേകംഅദ്ധ്യായങ്ങൾ തുന്നിചേർത്ത ഖത്തർ മാജിക്കിൻെറ മറ്റൊരു മുഖമായിരുന്നു ഈ അനുമോദന ചടങ്ങ്. ഫിഫ ഒഫീഷ്യൽ സ്റ്റോറിൽ നിന്നും കൈ നിറയെ ലോക കപ്പ് സമ്മാനങ്ങളുമായി മനം നിറഞ്ഞാണ് ഓരോരുത്തരും ഫാൻ ഫെസ്റ്റിവൽ വിട്ടിറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല