ടൈറ്റാനിക്ക് കപ്പലിന്റെ സ്വപ്നയാത്ര അവസാനിച്ചത് ഒരു ഐസ്ബര്ഗിലിടിച്ചാണ്. കടലിന് മുകളിലേക്ക് അല്പവും അടിയിലേക്ക് മുകളില്‍ കാണുന്നതിന്റെ മൂന്നിരട്ടി വലുപ്പത്തിലുമുള്ള ഒരു ഭീകരനാണ് ഐസ്ബര്‍ഗ് എന്ന് ലോകം മുഴുവനുമുള്ളവര്‍ ടൈറ്റാനിക്ക് എന്ന സിനിമയിലൂടെ കണ്ടതാണ്. ഒരു ഐസ്ബര്‍ഗ് എന്നാല്‍ നമ്മള് കാണുന്നതൊന്നുമല്ലെന്നും അതിനടിയില്‍ ഭീമാകാരമായ ഒരു വലുപ്പം ഒളിച്ചിരിപ്പുണ്ടെന്നും നമ്മള് തിരിച്ചറിഞ്ഞു.
എന്തായാലും കപ്പല്‍ യാത്രികരെയും പരിസ്ഥിതി സ്നേഹികളെയും ഒരുപോലെ അങ്കലാപ്പിലാക്കുന്ന ഒരു കാര്യം വീണ്ടും സംഭവിച്ചിരിക്കുകയാണ്. കാര്യം വേറൊന്നുമല്ല ആന്റാര്‍ട്ടിക്കയില്‍ വലിയൊരു മഞ്ഞുപാളി പൊട്ടാന്‍ പോകുന്നു. ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്ന പൊട്ടല്‍ കര്‍മ്മം താമസിയാതെ പൂര്‍ത്തിയാകുമെന്നും ന്യൂയോര്‍ക്ക് നഗരത്തിന്റെ അത്ര വലുപ്പമുള്ള ഒരു മഞ്ഞുപാളി രൂപപ്പെടുമെന്നുമാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്.
ആന്റാര്‍ട്ടിക്കയിലെ പൈന്‍ ദ്വീപില്‍ ഉണ്ടാകുന്ന മഞ്ഞുപാളിക്ക് ഏതാണ്ട് 340 സ്ക്വയര്‍ മൈല്‍ വലുപ്പമുണ്ടാകുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മഞ്ഞുപാളി രൂപപ്പെടുന്നത് ആഗോള താപനത്തിന്റെ ഫലമായി അല്ലെന്ന് നാസ ശാസ്ത്രജ്ഞന് മൈക്കില്‍ സ്റ്റഡിഗ്നര് പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആന്റാര്ട്ടിക്ക് മേഖലയില്‍ സര്‍വ്വ സാധാരണമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. 2001ലാണ് ഇത്ര വലിയ സ്ഫോടനം അന്റാര്‍ട്ടിക്ക് മേഖലയില്‍ ഉണ്ടായത്. അതിനുശേഷം ഇപ്പോഴാണ് ഇത്ര വലിയ മഞ്ഞുപാളി രൂപപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല