1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2022

സ്വന്തം ലേഖകൻ: ഇന്ത്യന്‍ നാവികസേനയുടെ പുതിയപോരാളി ഐ.എന്‍.എസ്. മോര്‍മുഗാവ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷന്‍ ചെയ്തു. അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ സജ്ജവും മിസൈല്‍ നശീകരണശേഷിയുള്ളതുമാണ് ഈ P15B സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍. മുംബൈയിലെ നേവല്‍ ഡോക്ക്‌യാഡിലായിരുന്നു കമ്മിഷനിങ്.

163 മീറ്റര്‍ നീളവും 17 മീറ്റര്‍ നീളവുമുള്ള മോര്‍മുഗാവിന് ആ പേര് വന്നതിനു പിന്നിലും ഒരു കഥയുണ്ട്. ഗോവയിലെ തുറമുഖ നഗരമായിരുന്ന മോര്‍മുഗാവില്‍നിന്നാണ് ഈ പേരുവന്നത്. ആണവ-ജൈവ-രാസയുദ്ധസാഹചര്യങ്ങളില്‍ ഈ വിശ്വസ്തനായ പോരാളിയെ പ്രയോജനപ്പെടുത്താനാകും.

കരുത്തേറിയ നാല് ഗാസ് ടര്‍ബൈനുകളുള്ള ഐ.എന്‍.എസ്. മോര്‍മുഗാവിന്റെ വേഗം മണിക്കൂറില്‍ മുപ്പത് നോട്ടിക്കല്‍ മൈലാണ്. തദ്ദേശീയ നിര്‍മിതമായ ആയുധങ്ങളാലും സെന്‍സറുകളാലും സജ്ജമാണ് മോര്‍മുഗാവ്. സര്‍ഫസ് ടു സര്‍ഫസ്, സര്‍ഫസ് ടു എയര്‍ എന്നിങ്ങനെ തൊടുക്കാവുന്ന മിസൈലുകളും ഐ.എന്‍.എസ്. മോര്‍മുഗാവിലുണ്ട്. ഇതു കൂടാതെ ആധുനിക നിരീക്ഷണ റഡാറും ഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോയാണ് കപ്പലിന്റെ രൂപകല്‍പനയ്ക്കു പിന്നില്‍. ഇവര്‍ രൂപകല്‍പന ചെയ്ത വിശാഖപട്ടണം ക്ലാസ് യുദ്ധക്കപ്പലുകളില്‍ രണ്ടാമത്തേതാണ് ഐ.എന്‍.എസ്. മോര്‍മുഗാവ്. മസഗാവ് ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ്‌ ലിമിറ്റഡ് ആണ് നിര്‍മാതാക്കള്‍. പോര്‍ച്ചുഗീസ് ഭരണത്തിന്‍ കീഴില്‍നിന്ന് ഗോവ മോചിതമായതിന്റെ അറുപതാം വാര്‍ഷികമായ 2021 ഡിസംബര്‍ 19-നാണ് ഐ.എന്‍.എസ്. മോര്‍മുഗാവ് ആദ്യമായി കടലിലിറക്കിയത്.

മോര്‍മുഗാവിന്റെ ആന്റി സബ്മറൈന്‍ യുദ്ധതന്ത്രങ്ങള്‍ക്ക് തുണയാകുന്നത് തദ്ദേശ നിര്‍മിതമായ റോക്കറ്റ് ലോഞ്ചറുകളും ടോര്‍പിഡോ ലോഞ്ചറുകളും എ.എസ്.ഡബ്ല്യൂ. ഹെലിക്കോപ്റ്ററുകളുമാണ്. സി.ഡി.എസ്. ജനറല്‍ അനില്‍ ചൗഹാന്‍, നാവികസേനാ മേധാവി ആര്‍. ഹരികുമാര്‍, ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ കമ്മിഷനിങ് ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.