
സ്വന്തം ലേഖകൻ: ലോക ചാംപ്യന്‍ ലയണല്‍ മെസ്സിയെ പരമോന്നത അറബ് മേല്‍ക്കുപ്പായമായ ‘ബിഷ്ത്’ അണിയിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഇന്നലെ രാത്രി ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ 22-ാമത് ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയെ ഗാലറി നിറഞ്ഞ 88,966 ആരാധകരുടെ സാന്നിധ്യത്തിലാണ് അമീര്‍ അറബ് ലോകത്തെ പരമ്പരാഗത മേല്‍വസ്ത്രമായ ബിഷ്ത് ധരിപ്പിച്ച് രാജ്യത്തിന്റെ ആദരവ് നല്‍കിയത്.
അര്‍ജന്റീനയേയും മെസ്സിയേയും ഫുട്‌ബോളിനേയും സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് ഏറ്റവും അഭിമാനകരമായ കാഴ്ച കൂടിയായിരുന്നു ഒരു രാജ്യത്തിന്റെ പരമോന്നതമായ വസ്ത്രം ഭരണാധികാരി സ്വന്തം കൈകള്‍ കൊണ്ട് മെസ്സിയെ ധരിപ്പിച്ചത്. അമീര്‍ കറുത്ത നിറത്തിലുള്ള ബിഷ്ത് ധരിപ്പിക്കുമ്പോള്‍ തലയുയര്‍ത്തി പിടിച്ചു പുഞ്ചിരിയോടെ ആരാധകരെ നോക്കിയാണു മെസ്സി നിന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഒപ്പമുണ്ടായിരുന്നു. ബിഷ്ത് ധരിച്ചാണു മെസ്സി അമീറില്‍ നിന്നു സുവര്‍ണ കപ്പ് സ്വീകരിച്ചത്.
അറബ് ലോകത്തിന്റെ സാംസ്‌കാരിക ഐഡന്റിറ്റിയുടെ പ്രതീകം കൂടിയാണ് ഈ മേല്‍ക്കുപ്പായം. ഭരണാധികാരികള്‍, രാജകുടുംബാംഗങ്ങള്‍, ഷെയ്ഖുമാര്‍ എന്നിങ്ങനെ ഉയര്‍ന്ന പദവി അലങ്കരിക്കുന്നവര്‍ ഏറ്റവും സുപ്രധാനമായ സന്ദര്‍ഭങ്ങളില്‍ മാത്രം ധരിക്കുന്ന പരമോന്നതമായ മേല്‍ക്കുപ്പായമാണ് ബിഷ്ത്.
വിവാഹം, ഈദ് തുടങ്ങിയ വിശേഷ അവസരങ്ങളിലും ഉയര്‍ന്ന പദവിയിലുള്ളവര്‍ ബിഷ്ത് ധരിക്കും. സാധാരണ കറുപ്പ്, ബ്രൗണ്‍, ക്രീം, ഗ്രെ, ഇളം തവിട്ടു നിറം എന്നീ നിറങ്ങളിലാണ് ബിഷ്ത്. ഒട്ടകത്തിന്റെ തലമുടിയും ചെമ്മരിയാടിന്റെ രോമവും ഉപയോഗിച്ചാണു ബിഷ്ത് തയ്ക്കുന്നതിനുള്ള തുണി തയാറാക്കുന്നത്.
എന്നാല്‍ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരനായ മെസിയുടെ അര്‍ജന്റീനിയന്‍ ജേഴ്സി ഭാഗികമായി ബിഷ്ത്ത് മറച്ചുവെന്ന വിവാദമാണ് ഒരു കൂട്ടര്‍ ഉയര്‍ത്തിയത്. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോക കിരീടം കൈപ്പിടിയിലൊതുക്കി പത്താം നമ്പര്‍ ജേഴ്‌സി ധരിച്ചു നില്‍ക്കുന്ന മെസിയെയും അര്‍ജന്റീനയുടെ നീലയും വെള്ളയും വരകളുള്ള കുപ്പായത്തെയും മറക്കുന്നതായിരുന്നു ഖത്തര്‍ അമീറിന്റെ സമ്മാനമെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല