സ്വന്തം ലേഖകൻ: പ്രവാസികളുടെ ചികിത്സ ചെലവിൽ വലിയ മാറ്റങ്ങളോടെ പുതിയ ചികിത്സ നിരക്ക് നിലവിൽ വന്നു. പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാർ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാർ എന്നിങ്ങനെ അധിക മരുന്നുനിരക്കുകളോടെയാണ് പുതിയ ഉത്തരവ്.
നേരത്തേ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലെ എമർജൻസി റൂമുകളിലും രണ്ടു ദീനാറാണ് പരിശോധന ഫീസ് ഉണ്ടായിരുന്നത്. മരുന്നുകൾ സൗജന്യമായിരുന്നു. പുതിയ തീരുമാനത്തോടെ രണ്ടു ദീനാർ പരിശോധന ഫീസായി നിലനിർത്തും. മരുന്നുകൾക്ക് അഞ്ചു ദീനാർ അധികം നൽകേണ്ടിയുംവരും. ഇതോടെ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ പ്രവാസികൾ പരിശോധനക്കും മരുന്നിനുമായി ഏഴു ദീനാർ ചെലവഴിക്കേണ്ടിവരും.
ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾക്ക് പരിശോധന ഫീസ് 10 ദീനാർ ആയിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവിടെ പരിശോധനക്കും മരുന്നിനുമായി ഇതോടെ 20 ദീനാർ ചെലവുവരും. പ്രവാസികളും മെഡിക്കൽ ഇൻഷുറൻസ് ഉള്ളവരും ഉയർന്ന മെഡിസിൻ ഫീസ് നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന മന്ത്രിതല തീരുമാനത്തിനു പിറകെയാണ് ആരോഗ്യ മന്ത്രാലയം അറിയിപ്പ്.
മരുന്നുകൾ പാഴാക്കുന്നത് തടയാനും ആരോഗ്യസേവനങ്ങൾ ഉയർത്താനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ചില പ്രത്യേക മേഖലകളെ ഫീസിൽനിന്ന് ഒഴിവാക്കുമെന്നും അറിയിച്ചു. എന്നാൽ, ഇവ ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈത്തിലെ കുറഞ്ഞ ചികിത്സനിരക്ക് പ്രവാസികൾക്ക് ആശ്വാസമായിരുന്നു. പുതിയ തീരുമാനത്തോടെ ചികിത്സക്ക് പ്രവാസികൾ കൂടുതൽ തുക ചെലവഴിക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല