സ്വന്തം ലേഖകൻ: വിശ്വകപ്പുമായി മെസ്സിയും സംഘവും അര്‍ജന്റീനന്‍ മണ്ണില്‍ പറന്നിറങ്ങി. പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് കിരീടവുമായി ചാമ്പ്യന്മാര് വന്നിറങ്ങിയത്. പുറത്തേക്ക് ആദ്യമെത്തിയത് മെസ്സിയും കോച്ച് സ്കലോണിയും. ലോകകപ്പ് വലത് കൈയില്‍ പിടിച്ച് പുറത്തേക്കിറങ്ങിയ മെസി വിമാനത്തിന്റെ വാതില്ക്കല് വെച്ച് തന്നെ കപ്പുയര്‍ത്തി കാണിച്ചു.
വിമാനത്തില്‍ നിന്ന് ഇറങ്ങിയ താരങ്ങള്‍ ചുവപ്പ് പരവതാനിയിലൂടെ നടന്ന് രാജകീയ വരവേല്‍പ്പ് ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ ജനം ആഹ്ലാദാരവം മുഴക്കി. സംഗീതത്തിന്റെ അകമ്പടിയോടെ പ്രത്യേകമായി ക്രമീകരിച്ച് തുറന്ന ബസിലേക്ക് കയറിയ താരങ്ങള്‍ വഴി നീളെ ആരാധകര്‍ക്ക് കൈകള്‍ വീശി.
36 വര്‍ഷം കാത്തിരുന്ന കപ്പുമായെത്തുന്ന ടീമിനെ വരവേല്‍ക്കാന്‍ പുലര്‍ച്ചെ രണ്ടരയ്ക്കും ജനം ഉറക്കമിളച്ച് തെരുവില്‍ കാത്തുനില്ക്കുകയായിരുന്നു. അര്‍ജന്റീനയുടെ തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസില്‍ ജനസാഗരമാണ് സുവര്‍ണ്ണ നേട്ടവുമായി എത്തുന്ന താരങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല