സ്വന്തം ലേഖകൻ: ലോകകപ്പ് സമ്മാനിച്ച ഡീഗോ മറഡോണക്കും ഒപ്പം നിന്ന ആരാധകർക്കും നന്ദി അറിയിച്ച് അർജന്റീന നായകൻ ലയണൽ മെസ്സി. തികച്ചും വൈകാരികമായ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിൻറെ നന്ദിപ്രകടനം. ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തു ഫുട്ബോൾഒരുപാട് സന്തോഷങ്ങളും അൽപം സങ്കടങ്ങളും നൽകിയെന്നും തുടങ്ങുന്ന കുറിപ്പിൽ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്കും സഹതാരങ്ങൾക്കുമെല്ലാം ഹൃദയത്തിൽ തൊടുന്ന നന്ദി കുറിച്ചാണ് താരം എഴുത്ത് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ലോകകപ്പ് ജയത്തിലേക്കുള്ള അദ്ദേഹത്തിൻറെ കരിയർ യാത്രയുടെ ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയും മെസ്സി പങ്കുവച്ചിട്ടുണ്ട്. ആദ്യമായി പന്തുതട്ടുന്ന ഗ്രാൻഡോളി എഫ്.സി ജൂനിയറിലെ ആദ്യ കാല വിഡിയോകളും 2014 ലോകകപ്പ് കലാശപ്പോരിൽ തോറ്റ് വികാരാധീനനായി മടങ്ങുന്ന മെസ്സിയെയും ഖത്തറിൽ ഒടുവിൽ കിരീടം ചൂടിനിൽക്കുന്ന താരത്തേയും വിഡിയോയിൽ കാണാം.
ലയണൽ മെസ്സിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം
“ലോക ചാമ്പ്യനാകുക എന്നത് ഞാനെന്നും സ്വപ്നം കണ്ട കാര്യമാണ്, ഞാൻ അതിനായുള്ള ശ്രമങ്ങൾ ഒരിക്കലും അവസാനിപ്പിക്കാൻ തയാറായിരുന്നില്ല.ഗ്രാൻഡോളിയിൽ നിന്ന് ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷത്തോളമെടുത്തിട്ടുണ്ടാകണം. ഈ കാൽപ്പന്ത് ഒരുപാട് സന്തോഷങ്ങളും അൽപാൽപ്പം സങ്കടങ്ങളും എനിക്ക് സമ്മാനിക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. 2014 ബ്രസീൽ ലോകകപ്പിൽ ഫൈനൽ വരെ അവർ കിരീടത്തിനായി പോരാടി, കഠിനാധ്വാനം ചെയ്തു, എന്നെപ്പോലെ അവരും അത് ആത്മാർഥമായി ആഗ്രഹിച്ചിരുന്നു, അതിനാൽ അവർക്കെല്ലാം തന്നെ ഈ കിരീടനേട്ടത്തിന് അർഹതയുണ്ട്.
ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ദുരന്തനിമിഷങ്ങളിലം ഞങ്ങൾ അതിന് അർഹരായിരുന്നു. ഈ നേട്ടത്തിനായി സ്വർഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ജയത്തിലും തോൽവിയിലും മുഴുവൻ സമയവും ടീമിൻറെ ബെഞ്ചിലിരുന്ന് സമയം ചെലവഴിച്ചവരും ഈ നേട്ടം അർഹിക്കുന്നുണ്ട്.എല്ലാവരും ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടക്കാതിരിക്കുമ്പോഴും, അതിനായി ഞങ്ങൾ ഒരുപാട് ശ്രമിച്ചു. തീർച്ചയായും, ഈ മനോഹരമായ സംഘത്തെക്കൊണ്ടാണ് ഞങ്ങൾ അത് നേടിയെടുത്തത്. ടെക്നിക്കൽ ടീമും ടീമിലെ എല്ലാ അംഗങ്ങളും ഞങ്ങളുടെ യാത്ര എളുപ്പമാക്കാൻ രാവും പകലുമില്ലാതെ അധ്വാനിച്ചു.
പലപ്പോഴും തോൽവിയെന്നത് ജീവിതയാത്രയുടെ ഭാഗമാണ്, തിരിച്ചടികളില്ലാതെ വിജയം നേടുക എന്നത് അസാധ്യമാണ്. എല്ലാവരോടുമായി എൻറെ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു. നമുക്ക് ഒരുമിച്ച മുന്നോട്ടുപോകാം, അർജൻറീനാാ…“
അതേസമയം മെസ്സിയും സംഘവും കപ്പുമായി പുലര്‍ച്ചെ രണ്ടരയോടെ നാട്ടിൽ വിമാനമിറങ്ങിയപ്പോൾ ആഹ്ലാദം അതിന്റെ പരകോടിയിലെത്തി. ഇങ്ങനെയൊരു കാഴ്ച മൂന്നര പതിറ്റാണ്ടായി ആ രാജ്യം മോഹിക്കുന്നു. കരഘോഷത്തോടെ താരങ്ങളെ രാജ്യം വരവേറ്റു. പിന്നീട് നടന്നത് ഒരു പക്ഷേ ലോകത്തെ ഏറ്റവും വലിയ മഹാസമ്മേളനമായിരുന്നു.
അവിസ്മരണീയ കാഴ്ച. ഒരു രാജ്യത്തിന്റെ അഭിമാനവും ഐക്യവും, എന്തിന് ഒരു നാട് തന്നെ ഒരു പന്തിലേക്ക് ചുരുങ്ങുന്ന അപൂര്‍വ്വ പ്രതിഭാസം. എന്തുകൊണ്ട് അര്‍ജന്റീനയും അവരുടെ ഫുട്ബോളും ലോകം മുഴുവന്‍ ലഹരിയായി പടര്‍ന്നുവെന്നും ആരാധകരെ സൃഷ്ടിച്ചതിന്റെ കാരണവും ഒഴുകിയെത്തിയ ജനസഞ്ചയത്തിലുണ്ടായിരുന്നു.
അര്‍ജന്റീനയുടെ ആകെ ജനസംഖ്യയുടെ പത്തിലൊന്നും അവിടെ സംഗമിച്ചു. കപ്പുമായി താരങ്ങളുടെ തുറന്ന ബസ്സിലുള്ള നഗരപ്രദക്ഷിണം ഒരു നിമിഷം കാണാന്‍. നിലയ്ക്കാത്ത ജനപ്രവാഹം. തുടക്കം മെല്ലയായിരുന്നു. വൈകാതെ ജനസമുദ്രമായി വാഹനത്തിന് ഒരിഞ്ച് നീങ്ങാനാവാത്ത സ്ഥിതി. ഇതിനിടെ സന്തോഷം അതിരുവിട്ടപ്പോള്‍ പാലത്തില്‍ നിന്ന് രണ്ട് പേര് താരങ്ങളുടെ ബസ്സിലേക്ക് ചാടി. ഒരാള്‍ താരങ്ങള്‍ക്കിടയില്‍ വന്നുവീണു. പൂഴി നിലത്തു വീഴാത്തത്ര ജനം. ഒരാള്‍ ബസ്സിന് മുകളിലേക്ക് ചാടി ലക്ഷ്യം തെറ്റി താഴേക്ക്. വീണത് ജനങ്ങള്‍ക്ക് മുകളിലേക്ക്. മുന്നോട്ട് നീങ്ങാനാവാതെ പ്രദക്ഷിണം നിലച്ചു. പിന്നെയും കിലോ മീറ്ററോളം ആളുകള്‍ കാത്തുനില്ക്കുന്നു. ഗത്യതന്തരമില്ലാതെ ബസ്സിലെ യാത്ര ഉപേക്ഷിച്ചു.
ജനസാഗരത്തിനിടയില്‍, ബസ്സില്‍ സുവര്‍ണതാരങ്ങള്‍. അവരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറിന്റെ സഹായം തേടി. തുടര്‍ന്നുള്ള നഗരപ്രദക്ഷിണം ഹെലികോപ്ടറിലാക്കി. കപ്പുമായി താരങ്ങള്‍ ഹെലികോപ്ടറിലിരുന്ന് പിന്തുണക്ക് നന്ദി പറഞ്ഞു. അപ്പോഴും ഒരു നോക്ക് അഭിമാനതാരങ്ങളെ കാണാനായി പ്രധാന പാതകളിലൂടെ ജനം ഒഴുകുകയായിരുന്നു. ജീവിതത്തില്‍ ഏറ്റവും മികച്ച നിമിഷങ്ങള്‍ കണ്ട സന്തോഷത്തിലായിരുന്നു പലരും.
ജനങ്ങള്‍ പരസ്പരം ചുംബിച്ചും ആലിംഗനം ചെയ്തും സന്തോഷം പങ്കുവച്ചു. മെസ്സിയുടേയും മറഡോണയുടേയും ചിത്രങ്ങളുമായാണ് പലരും കിരീടജേതാക്കളെ കാണാനായി എത്തിയത്. ഒടുവില്‍ നിശ്ചയിച്ചതിലും ഏറെ വൈകി നഗരത്തിന്റെ ഹൃദയ ഭാഗത്തെ 71.5 മീറ്റര്‍ ഉയരത്തില്‍ നില്ക്കുന്ന ഒബലിസ്കോ സ്തൂപത്തിന് മുന്നില്‍ കിരീടയാത്ര അവസാനിക്കുമ്പോള്‍ അവിടം നീലക്കടലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല