![](https://www.nrimalayalee.com/wp-content/uploads/2022/12/air-hostess-indigo-airlines-viral-video.jpg)
സ്വന്തം ലേഖകൻ: വിമാനത്തിനുള്ളില്‍ ഭക്ഷണം നല്‍കുന്നതിനെച്ചൊല്ലി യാത്രക്കാരനും എയര്‍ ഹോസ്റ്റസും തമ്മില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ പക്ഷം പിടിച്ച് ചര്‍ച്ചകളുമായി നെറ്റിസണ്‍സ്. ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ലെന്ന് പറഞ്ഞുകൊണ്ട് എയര്‍ ഹോസ്റ്റസ് യാത്രക്കാരനുമായി തര്‍ക്കിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെയാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഇസ്താംബൂള്‍- ഡല്‍ഹി വിമാനത്തില്‍ നിന്ന് യാത്രക്കാരന് പകര്‍ത്തിയ വിഡിയോയാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.
എയര്‍ ഹോസ്റ്റസും യാത്രക്കാരനും തമ്മില്‍ തര്‍ക്കം നടക്കുന്നത് നേരിട്ട് പകര്‍ത്തിയ വിഡിയോയാണ് ചര്‍ച്ചയായത്. നിങ്ങള്‍ ഒച്ചയെടുത്തതിനാല്‍ ഇതാ ഞങ്ങളുടെ ക്രൂ മെമ്പര്‍ കരയുകയാണെന്ന് എയര്‍ ഹോസ്റ്റസ് പറയുന്നതാണ് വിഡിയോയുടെ തുടക്കം. അവരെ പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ നീ എന്തിനാണ് അലറുന്നതെന്ന് ചോദിച്ച് യാത്രക്കാരന് എയര്‍ ഹോസ്റ്റസിനോട് തട്ടിക്കയറുന്നു. ഇതിന് മറുപടിയായി ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ലെന്നും ഇന്‍ഡിഗോ കമ്പനിയുടെ ജീവനക്കാരിയാണെന്നും എയര്‍ ഹോസ്റ്റസ് പറയുന്നതായി വിഡിയോയിലുണ്ട്.
യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ ട്വിറ്ററിലൂടെ ഒരു കൂട്ടം ആളുകള്‍ വിമര്‍ശിക്കുമ്പോള്‍ എയര്‍ ഹോസ്റ്റസ് അതിരു വിട്ടു എന്ന വിമര്‍ശനമാണ് മറ്റൊരു കൂട്ടം ആളുകള്‍ ഉന്നയിക്കുന്നത്. ജീവനക്കാരെ അപമാനിച്ചതിനാലാണ് എയര്‍ ഹോസ്റ്റസ് പ്രതികരിച്ചതെന്നും വിമാനത്തിലെ ജീവനക്കാരും മനുഷ്യരാണെന്നും ഇന്‍ഡിഗോ കമ്പനി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല