സ്വന്തം ലേഖകൻ: പരിസ്ഥിതിലോല പ്രദേശത്തിന്റെ വനംവകുപ്പിന്റെ ഭൂപടം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 22 സംരക്ഷിത പ്രദേശങ്ങൾക്കുചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ തുടങ്ങിയവ 12 ഇനമായി ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂപടത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്.
പച്ച – വനം
കറുപ്പ് – പഞ്ചായത്ത്
ചുവപ്പ് – വാണിജ്യകെട്ടിടങ്ങൾ
നീല – വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തവിട്ടുനിറം – ഓഫിസ്
മഞ്ഞ – ആരാധനാലയങ്ങൾ
വയലറ്റ് – താമസസ്ഥലം
ഓരോ വില്ലേജിലെയും ബ്ലോക്ക്, പ്ലോട്ട് അനുസരിച്ച് വിശദാംശങ്ങളും ഭൂപടത്തിൽ ലഭ്യമാണ്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ബഫർ അറിയാനാകും. ഇതുകൂടാതെ, ജനവാസമേഖല ഉൾപ്പെടുന്നതിലെ പരാതി നൽകാനുള്ള അപേക്ഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ ഈ ഭൂപടം അനുസരിച്ചാണ് എതിർപ്പ് അറിയിക്കേണ്ടത്. സർവേ നടത്തിയ പ്ലോട്ട്, വില്ലേജ്, പഞ്ചായത്ത് തുടങ്ങിയവ പ്രത്യേകം അറിയാം.
സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയാറാക്കിയ പ്രാഥമിക റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. പഞ്ചായത്തുതല, വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും ഭൂപടങ്ങളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്.
വിവരങ്ങൾ അറിയിക്കാനുള്ള ഫോറവും റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ചു. ഫോറം പൂരിപ്പിച്ച് ജനുവരി 7-നകം eszexpertcommittee@gmail.com ലേക്ക് അയക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭ്യമാക്കുകയോ വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല