സ്വന്തം ലേഖകൻ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴ. തണുപ്പ് കനത്തു. ദോഹ നഗരത്തിലും നേരിയ തോതില്‍ മഴ ലഭിക്കുന്നുണ്ട്. വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് രാവിലെ മുതല്‍ മഴ പെയ്യുന്നത്. ചിലയിടങ്ങളില്‍ കനത്ത കാറ്റിനൊപ്പം ഇടിയോടു കൂടിയ മഴ പെയ്യുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നു മുതല്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും രാത്രികളില്‍ തണുപ്പ് കനക്കുമെന്നും നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂനമർദത്തിന്റെ ഭാഗമായി സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, വടക്കൻ ബത്തിന, ബുറൈമി ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. പലയിടത്തും വാദികൾ നിറഞ്ഞൊഴുകിയേക്കും. കാറ്റിന്റെ വേഗം മണിക്കൂറിൽ 30-60 കിലോമീറ്റർ വരെയായിരിക്കും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിരമാലകൾ 2.5 മീറ്റർവരെ ഉയർന്നേക്കും.
തിങ്കൾ മുതൽ ബുധൻ വരെ മറ്റൊരു ന്യൂനമർദത്തിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിൽ പത്ത് മുതൽ 50 മി.മീറ്റർ വരെ മഴ പെയ്തേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ എടുക്കണം. ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും കടലിൽ പോകുന്നവർ നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സൗദിയിൽ പൊടുന്നനെയുണ്ടായ കനത്തമഴയിൽ നൂറിലേറെ വാഹനങ്ങളും മാലിന്യത്തൊട്ടികളും കടകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാധനങ്ങളും മൃഗങ്ങളും ഒലിച്ചുപോയതായി അധികൃതർ അറിയിച്ചു. ആളപായമോ പരുക്കോ ഇന്നലെ രാത്രി വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം മഴയിൽ തിരക്കു കുറഞ്ഞെങ്കിലും ഉംറ തീർഥാടനം തുടർന്നു. മക്ക ഹറം പള്ളി ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ട് നീക്കിയെങ്കിലും ചില പ്രദേശങ്ങൾ ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ല.
ജിദ്ദ, മക്ക പ്രദേശങ്ങളിൽ മഴയ്ക്കു ശമനം ഉണ്ടെങ്കിലും ജിസാൻ, അസീർ, തബൂക് മേഖലകളിൽ ഇന്നലെയും മഴ പെയ്തു. മക്ക, മദീന, ബാഹ, ജിസാൻ, അസീർ, ജൗഫ്, തബൂക്, ഹായിൽ, ഖാസിം മേഖലകളിൽ മഴ തുടരുമെന്ന് റിപ്പോർട്ടുണ്ട്. റിയാദ്, വടക്കു, കിഴക്ക്, മധ്യ മേഖലകളിൽ താപനില ഗണ്യമായി കുറയും. മണിക്കൂറിൽ 15–35 കി.മീ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല