1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2022
The Prime Minister, Shri Narendra Modi with the Crown Prince, Vice President of the Council of Ministers of Defence of the Kingdom of Saudi Arabia, Prince Mohammed Bin Salman Bin Abdulaziz Al-Saud, at Hyderabad House, in New Delhi on February 20, 2019.

സ്വന്തം ലേഖകൻ: സൗദി- ഇന്ത്യ ഉഭയകക്ഷി വ്യാപാരത്തില്‍ ഈ വര്‍ഷം വലിയ കുതിച്ചുചാട്ടമുണ്ടായതായി കണക്കുകള്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്‌ടോബര്‍ അവസാനം വരെയുള്ള 10 മാസക്കാലത്ത് സൗദി, ഇന്ത്യ വ്യാപാരം 16,820 കോടി റിയാലായി (44.85 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാരത്തില്‍ ഈ വര്‍ഷം 67 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ മാറി. ഇക്കാലയളവില്‍ സൗദി അറേബ്യ നടത്തിയ വിദേശ വ്യാപാരത്തിന്റെ 8.9 ശതമാനം ഇന്ത്യയുമായിട്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യത്തെ പത്തു മാസക്കാലത്ത് സൗദി, ഇന്ത്യ വ്യാപാരം 100.8 ബില്യണ്‍ റിയാലായിരുന്നു.

ഈ വര്‍ഷം ആദ്യ 10 മാസത്തിനിടെ സൗദി അറേബ്യയുടെ വിദേശ വ്യാപാരത്തില്‍ വലിയ വര്‍ധവുണ്ടായതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇത് 46.8 ശതമാനം തോതില്‍ ഉയര്‍ന്ന് 1.89 ട്രില്യണ്‍ റിയാല്‍ (505.1 ബില്യണ്‍ ഡോളര്‍) ആയി. സൗദിയുടെ വിദേശ വ്യാപരത്തിന്റെ 64.5 ശതമാനവും 10 രാജ്യങ്ങളുമായിട്ടാണ്. ഈ ആദ്യ 10 രാജ്യങ്ങളുമായുള്ള വ്യാപാരം 45.3 ശതമാനം തോതില്‍ വര്‍ധിച്ച് 1.22 ട്രില്യണ്‍ റിയാല്‍ (325.64 ബില്യണ്‍ ഡോളര്‍) ആയി. കഴിഞ്ഞ വര്‍ഷം ആദ്യ 10 മാസക്കാലത്ത് ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 840.44 ബില്യണ്‍ റിയാലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

സൗദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികള്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ജപ്പാനുമാണ്. മറ്റൊരു ഏഷ്യന്‍ രാജ്യമായ ദക്ഷിണ കൊറിയയാണ് നാലാം സ്ഥാനത്തുള്ളത്. അമേരിക്കയെ പിന്തള്ളിയാണ് സൗദിയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാര പങ്കാളിയായി ദക്ഷിണ കൊറിയ മാറിയത്. ഈ നാലു രാജ്യങ്ങളുമായി 788.3 ബില്യണ്‍ റിയാലിന്റെ (210.2 ബില്യണ്‍ ഡോളര്‍) വ്യാപാരമാണ് ജനുവരി- ഒക്ടോബര്‍ മാസങ്ങള്‍ക്കിടയില്‍ സൗദി അറേബ്യ നടത്തിയത്. ആകെ വിദേശ വ്യാപാരത്തിന്റെ 41.6 ശതമാനവും ഈ നാലു രാജ്യങ്ങളുമായിട്ടായിരുന്നു.

അതിനിടെ, സൗദിയില്‍ പെട്രോളിതര കയറ്റുമതിയിലും ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കാലയളവില്‍ വലിയ വളര്‍ച്ചയുണ്ടായതായി അധികൃതര്‍ അറിയിച്ചു. 269.3 ബില്യണ്‍ റിയാലിന്റെ പെട്രോളിതര ഉല്‍പന്നങ്ങള്‍ സൗദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 10 മാസത്തിനിടെ പ്രതിമാസം ശരാശരി 26.9 ബില്യണ്‍ റിയാലിന്റെ വീതം പെട്രോളിതര ഉല്‍പന്നങ്ങള്‍ സൗദി അറേബ്യ കയറ്റി അയച്ചു.

പെട്രോളിതര കയറ്റുമതിയുടെ 80 ശതമാനവും രാസവസ്തുക്കളും പ്ലാസ്റ്റിക്കും റബറും ധാതുക്കളുമാണ്. ഈ വര്‍ഷം ആദ്യത്തെ 10 മാസം പെട്രോളിതര കയറ്റുമതിയുടെ 36.2 ശതമാനം കെമിക്കല്‍ ഉല്‍പന്നങ്ങളും 29.3 ശതമാനം പ്ലാസ്റ്റിക്കും റബറുമായിരുന്നു. 96 ബില്യണ്‍ റിയാലിന്റെ രാസവസ്തുക്കളും 77.5 ബില്യണ്‍ റിയാലിന്റെ പ്ലാസ്റ്റിക്, റബര്‍ ഉല്‍പന്നങ്ങളുമാണ് ഈ കാലയളവില്‍ വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. 21.5 ബില്യണ്‍ റിയാലിന്റെ ധാതുക്കളും ഇക്കാലയളവില്‍ കയറ്റി അയച്ചു.

ഈ വര്‍ഷം 140 ലേറെ രാജ്യങ്ങളിലേക്ക് സൗദി പെട്രോളിതര ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചിട്ടുണ്ട്. ഇതിന്റെ 47 ശതമാനവും അഞ്ചു രാജ്യങ്ങളിലേക്കായിരുന്നു. ഏറ്റവുമധികം പെട്രോളിതര ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചത് യുഎഇയിലേക്കാണ്. 37.4 ബില്യണ്‍ റിയാലിന്റെ ഉല്‍പന്നങ്ങളാ യുഎഇയിലേക്ക് കയറ്റി അയച്ചത്. ഇത് ആകെ കയറ്റുമതിയുടെ 14 ശതമാനം വരും. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ചൈനയും (31.1 ബില്യണ്‍ റിയാല്‍), മൂന്നാമത് ഇന്ത്യയും (23.6 ബില്യണ്‍ റിയാല്‍), നാലാമത് സിങ്കപ്പൂരും (12.7 ബില്യണ്‍ റിയാല്‍) അഞ്ചാമത് തുര്‍ക്കയുമാണ് (11.5 ബില്യണ്‍ റിയാല്‍).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.