സ്വന്തം ലേഖകൻ: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎയുടെ കണ്ടെത്തൽ. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഇതിൽ തുടർനടപടികൾ സ്വീകരിച്ചു. ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദേശത്തുനിന്ന് എൻആർഐ അക്കൗണ്ടുള്ള അംഗങ്ങൾ നാട്ടിലെ വിവിധ ബാങ്കുകളിലേക്ക് പണം അയയ്ക്കുന്നതാണ് പതിവ്. ഇത്തരത്തിൽ ഇവിടെ എത്തുന്ന പണം പിന്നീടു പിഎഫ്ഐ നേതാക്കളുടെ ബാങ്കുകളിലേക്കു മാറ്റും. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി കണ്ടെത്തി. കുവൈത്ത് ഇന്ത്യ സോഷ്യൽ ഫോറം എന്ന പേരിൽ കുവൈത്തിൽ പിഎഫ്ഐ സജീവമായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ഈ ഫോറത്തിലെ അംഗങ്ങളിൽനിന്നു വാർഷിക അംഗത്വ ഫീസ് ഈടാക്കിയതും കണ്ടെത്തി.
ഒമാനിൽ 2 ഫൗണ്ടേഷനുകളുടെ നേർക്കാണ് അന്വേഷണം നീളുന്നത്. ഇവിടെ ഫൗണ്ടേഷനുകൾ വഴി സ്വരൂപിച്ച ഫണ്ട് രാജ്യത്ത് എത്തിച്ചു. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ്, ലൈസൻസുള്ള പബ് ഇവയുടെ നടത്തിപ്പു വഴിയും പണം സ്വരൂപിച്ച് രാജ്യത്തെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചു. നാട്ടിലെ മുസ്ലിംകൾക്കുള്ള സഹായം എന്ന പേരിൽ പണം ശേഖരിച്ച് പിഎഫ്ഐ, എസ്ഡിപിഐ നേതാക്കൾക്ക് അയച്ചതിന്റെ തെളിവുകളും ലഭിച്ചു. സിറിയയിൽ മുഹമ്മദ് ഫാഹിമി എന്ന അംഗം തീവ്രവാദ സംഘടനകൾക്ക് ഉപയോഗിച്ച കാറുകൾ മറിച്ചുവിറ്റു വലിയ തുകകൾ ശേഖരിച്ച് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല